Site iconSite icon Janayugom Online

ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി പി പ്രസാദ്

ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫല വർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉല്പാദനം വര്‍ധിപ്പിക്കുക, അതുവഴിപോഷക സമൃദ്ധിയിലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ വർഷം കേരളത്തിൽ 1000 ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടൻ ഫലവർഗവിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വർഗ്ഗ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ ഒരു കർഷകന് കൃഷി ചെയ്യാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 

ഫലപുഷ്പ കൃഷിക്കായി 18 കോടി രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ഫലവർഗ്ഗ കൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാന വികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരം കുറവ് സമ്പന്നരിൽ പോലും ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വര്‍ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമാണ് പോഷകസമൃദ്ധി മിഷൻ എന്നും അദ്ദേഹം പറഞ്ഞു. മുഹമ്മ ഗവൺമെന്റ് സംസ്‌കൃത സ്‌കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിലായിരുന്നു ഫലവൃക്ഷ കൃഷിയുടെ ഉദ്ഘാടനം. 

മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശ്രാവന്തിക എസ് പി, സുജിത്ത് എസ് പി എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ശശികല, ജെയിംസ് ചിങ്കുതറ, കർഷകനായ ടി പി സദാശിവൻനായർ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, ടി എൻ നസീമ, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി എന്നിവർ സംസാരിച്ചു.

Exit mobile version