Site icon Janayugom Online

ഇന്ധനങ്ങള്‍ക്ക് ഇന്നും വില കൂട്ടും

രാജ്യത്ത് ഒരിടവേളക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 105.35 രൂപയും ഡീസലിന് 92.45 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 107.28 രൂപയും ഡീസലിന് 94.20 രൂപയും കോഴിക്കോട് പെട്രോളിന് 105.40 രൂപയും ഡീസലിന് 92.55 രൂപയും നല്‍കണം.

നവംബര്‍ നാലിനാണ് ഏറ്റവും അവസാനം ഇന്ധന വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വില വര്‍ധിപ്പിച്ചിരുന്നില്ല. 137 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ വില വര്‍ധന. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇതുണ്ടായത്. ഇന്നും വില ഉയര്‍ത്തുമെന്നാണ് സൂചന.

റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

മണ്ണെണ്ണയ്ക്കും വര്‍ധിപ്പിച്ചു

രാജ്യത്ത് മണ്ണെണ്ണയുടെ ഉപയോഗം കുറഞ്ഞുവരികയാണെങ്കിലും വില കുതിക്കുന്നു. പ്രധാന നഗരങ്ങളില്‍ മണ്ണെണ്ണയുടെ വില പത്ത് ദിവസങ്ങള്‍ക്കിടയില്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു.

കോവിഡിന് മുമ്പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലും മുംബൈയിലും മണ്ണെണ്ണയുടെ വില 104–112 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ ചെന്നൈയില്‍ 10.3 ശതമാനമാണ് വില വര്‍ധനവ്.

ദൈനംദിന അവശ്യവസ്തുക്കള്‍ക്കും കുതിക്കുന്നു

വിവിധ ദൈനംദിന അവശ്യവസ്തുക്കള്‍ക്കും വില കുതിച്ചുകയറുന്നു. ഗോതമ്പ്, പാമോയില്‍, ഭക്ഷ്യ എണ്ണ, പാക്കേജിങ് സാമഗ്രികള്‍ എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നതോടെയാണ് കമ്പനികള്‍ വില ഉയര്‍ത്തിയത്.

എച്ച്‌യുഎല്‍, നെസ്‌ലെ തുടങ്ങിയ നിര്‍മ്മാതാക്കള്‍ കഴിഞ്ഞയാഴ്ച ഭക്ഷ്യ ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. എച്ച്‌യുഎല്‍ തങ്ങളുടെ ബ്രൂ കോഫി, ബ്രൂക്ക് ബോണ്ട് ടീ തുടങ്ങിയവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. നെസ്‌ലെ ഇന്ത്യ ജനപ്രിയമായ മാഗി നൂഡില്‍സിന്റെ വില ഒമ്പത് മുതല്‍ 16 ശതമാനം വരെ ഉയര്‍ത്തി. ഡാബര്‍, പാര്‍ലെ തുടങ്ങിയ കമ്പനികളും ഇതേവഴിയിലേക്കാണ്.

ലോക്‌സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് വിഷയം ഉന്നയിച്ചത്.

പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍സിപി, ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ലോക്‌സഭ സമ്മേളിച്ചയുടന്‍ ചോദ്യോത്തര വേളയില്‍ പ്രശ്‌നം ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയില്ല.

പാചകവാതകത്തില്‍ ഇരുട്ടടി

ന്യൂഡല്‍ഹി: പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 50 രൂപയാണ് ഇന്നലെ കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്.

അഞ്ചുമാസത്തിന് ശേഷമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടി. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Fuel prices are still rising

You may like this video also

Exit mobile version