Site icon Janayugom Online

വീണ്ടും ഇന്ധന വില കുതിക്കുന്നു; നാല് ദിവസംകൊണ്ട് ഡീസല്‍ വില ലിറ്ററിന് 1.32 രൂപ കൂടി

ജീവിതഭാരം വര്‍ധിപ്പിച്ച് രാജ്യത്ത് വീണ്ടും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് ലിറ്ററിന് 32 പൈസയുമാണ് ഇന്നലെ കൂട്ടിയത്. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 101.64 രൂപയാണ് വില. ഡീസലിന് 89.87 രൂപ. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.71 രൂപ നല്‍കണം. ഡീസലിന് 97.52 രൂപയും വില രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസലിന് 95.11 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ 101.95 രൂപയും ഡീസല്‍ 94.90 രൂപയുമായിരുന്നു ഇന്നലെ വില.
കുറച്ചുദിവസങ്ങളായി സ്ഥിരത കൈവരിച്ചിരുന്ന ഇന്ധനവില അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ വീണ്ടും ഉയരുകയായിരുന്നു. കേരളമടക്കം 15 സംസ്ഥാനങ്ങളില്‍ ഇന്ധനവില നൂറു രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. നാല് ദിവസംകൊണ്ട് ഡീസല്‍ വിലയിൽ ലിറ്ററിന് 1.32 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

രാജ്യത്തെ ഇന്ധനവിലയുടെ പകുതിയിലേറെയും കേന്ദ്ര‑സംസ്ഥാന നികുതികളാണ്. എക്സൈസ് തീരുവയിനത്തില്‍ മാത്രം ഈ സാമ്പത്തികവര്‍ഷം നാലരലക്ഷം കോടിയുടെ റെക്കോഡ് വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് വര്‍ധിക്കുന്ന വില പിന്നീട് കുറവിന് അനുസൃതമായി ഇന്ത്യയില്‍ താഴാറില്ല. വില കുറഞ്ഞുനിന്ന ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 1.25 രൂപയും മാത്രമായിരുന്നു കുറച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിനുശേഷം വില സര്‍വകാല റെക്കോഡുകള്‍ തിരുത്തുകയായിരുന്നു. 

കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം തിരിച്ചുകയറുന്നതിനിടെയുള്ള ഇന്ധനവില വര്‍ധന സമ്പദ്ഘടനയില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. കുടുംബങ്ങളുടെ ക്രയശേഷിയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും. ചരക്കുകൂലി ഉള്‍പ്പെടെ എല്ലാരംഗത്തും വിലക്കയറ്റം വര്‍ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ പാചകവാതകത്തിനും അടിക്കടി കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നുണ്ട്.

അസംസ്കൃത എണ്ണവില 80 ഡോളറിലേക്ക്

ആഗോളവിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 78.40 ഡോളറിനായിരുന്നു ഇന്നലെ വ്യാപാരം. ഡോളറിനെതിരെ 74.24 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അസംസ്കൃത എണ്ണവില ഉയര്‍ച്ചയിലാണ്. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്പാദനം വെട്ടിക്കുറച്ചതാണ് വിലകൂടാന്‍ പ്രധാനകാരണം. 

ഒരു മാസത്തിനിടെ 10 ഡോളറാണ് വര്‍ധിച്ചിരിക്കുന്നത്. 2018 ഒക്ടോബറിന് ശേഷം എണ്ണവില 80 ഡോളറിലേക്ക് എത്തുന്നത് ആദ്യമാണ്. ഡിസംബറോടെ 90 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ നിഗമനം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ലോകം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നത് ഇന്ധന ഉപഭോഗം കൂട്ടുന്നുണ്ട്.

Eng­lish Sum­ma­ry : Fuel prices in India going exor­bi­tant­ly high

You may also like this video :

Exit mobile version