Site iconSite icon Janayugom Online

ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകള്‍ വിദേശ കമ്പനികളെ ഏൽപിക്കും

ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം. രാജ്യത്തെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏൽപിക്കാൻ ആലോചിക്കുന്നതായി ഊർജമന്ത്രി കാഞ്ചന വിജസേഖര പറഞ്ഞു.

നാലു വിദേശ കമ്പനികളെയെങ്കിലും രാജ്യത്ത് എത്തിച്ച് ഇന്ധനവിതരണം മെച്ചപ്പെടുത്താനാണു ശ്രമം. പൊതുമേഖലയിലുള്ള സിലോൺ പെട്രോളിയം കോർപറേഷനു (സിപിസി) പുറമേ ഇന്ത്യൻ ഓയിൽ കോർപറേഷൻ മാത്രമാണു ലങ്കയിൽ ഇന്ധനവിതരണം നടത്തുന്നത്.

ശ്രീലങ്കയിൽ ഇന്ധനവിതരണത്തിനു സന്നദ്ധരാകുന്ന വിദേശ കമ്പനികൾക്ക് സിപിസി പമ്പുകൾ വിട്ടുനൽകാനാണു പദ്ധതി. സിപിസിയുടെ 1190 പമ്പുകളിൽ 400 പമ്പുകളാണു വിദേശ കമ്പനികൾക്കു കൈമാറുക.

അതേ സമയം, കുറഞ്ഞ വിലയ്ക്കു റഷ്യയിൽ നിന്നു നേരിട്ട് എണ്ണ വാങ്ങാൻ രണ്ട് മന്ത്രിമാർ ഇന്നു റഷ്യയിലേക്ക് യാത്ര തിരിക്കും. ഇന്നലെ പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 50 ലങ്കൻ രൂപയും ഡീസലിന് 60 ലങ്കൻ രൂപയുമാണു വർധിപ്പിച്ചത്. മൂന്നു മാസത്തിനിടെ മൂന്നാമത്തെ വിലവർധനയാണിത്.

Eng­lish summary;Fuel short­ages in SriLanka

You may also like this video;

Exit mobile version