Site iconSite icon Janayugom Online

വ്യോമസേനാ വനിതാ ഓഫീസര്‍മാര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍: ചരിത്രവിധിയുമായി സുപ്രീം കോടതി

വ്യോമസേനയിലെ വിരമിച്ച 32 വനിതാ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ പെന്‍ഷനും അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമാ കോലി, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ചരിത്രവിധി.

സേനയിലെ 32 ഉദ്യോഗസ്ഥര്‍ 12 വര്‍ഷമായി നടത്തിവന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ പരിസമാപ്തിയായിരിക്കുന്നത്. അഞ്ച് വർഷത്തെ ഷോർട്ട് സർവീസ് കമ്മിഷൻ കാലാവധിയേക്കാൾ കൂടുതൽ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചവർ മുഴുവൻ പെൻഷനും ലഭിക്കാന്‍ അര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് അനുയോജ്യമെങ്കില്‍ പെര്‍മനന്റ് കമ്മിഷന്‍ അനുവദിക്കുന്നതു പരിഗണിക്കണമെന്ന് ബെഞ്ച് കേന്ദ്രസര്‍ക്കാരിനും വ്യേമസേനയ്ക്കും നിര്‍ദ്ദേശം നല്‍കി.

സ്ഥിരം കമ്മിഷന്‍ അനുവദിക്കുന്നതിന് യോഗ്യരാണെന്ന് വ്യോമസേന കണ്ടെത്തിയാല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ തീയതി മുതല്‍ ഒറ്റത്തവണ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. വ്യോമസേനയ്ക്കായി ഈ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മികച്ച ഔദ്യോഗിക റെക്കോഡുകളാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Full pen­sion for women Air Force offi­cers: Supreme Court with his­toric verdict

You may also like this video

Exit mobile version