Site iconSite icon Janayugom Online

നിക്ഷേപ സമാഹരണം ഇന്നു മുതൽ; ലക്ഷ്യം 9,000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി നിക്ഷേപ സമാഹരണ യജ്ഞം ഇന്ന് ആരംഭിക്കും. മാർച്ച് 31വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ 20ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ‘സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയീ‌സ് സഹകരണ സംഘങ്ങൾ,അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്. 9,000 കോടിയിൽ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളിൽ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകൾ 7,250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.

മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുകയും അവരുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യും. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.

Eng­lish Sum­ma­ry: Fundrais­ing from today; 9,000 crore target

You may also like this video

Exit mobile version