Site icon Janayugom Online

മലയാളത്തിന്റെ മികച്ച അമ്മ നടിയ്ക്ക് കലാകേരളത്തിന്റെ അശ്രു പൂജ

KPAC

കെപിഎസി ലളിതയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വൈകുന്നേരം എങ്കക്കാടുള്ള ‘ഓർമ്മ’യിൽ ഭരതന്റെ ശവകുടീരത്തിന് സമീപം ഒരുക്കിയ ചിതയ്ക്ക് മകൻ സിദ്ധാർത്ഥ് ഭരതൻ തീ കൊളുത്തി.

ചൊവ്വാഴ്ച്ച രാത്രി ലളിത അന്തരിച്ച വാർത്ത അറിഞ്ഞത് മുതൽ തന്നെ സിനിമാ പ്രവർത്തകരും സ്നേഹിതരും തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. രാവിലെ 8.15ന് ഭൗതികദേഹം പൊതുദർശനത്തിനായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ എത്തിച്ചു. തുടര്‍ന്ന് തൃശൂരിലെ സംഗീത നാടക അക്കാദമി ഹാളിലും വടക്കാഞ്ചേരി നഗരസഭ ഹാളിലും പൊതു ദർശനം ഉണ്ടായിരുന്നു. വൻ ജനാവലിയാണ് മലയാളത്തിന്റെ മഹാ അഭിനേത്രിയെ ഒരു നോക്ക് കാണുവാനായെത്തിയത്.

മുഖ്യമന്ത്രിക്കു വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്ക്, വ്യവസായ മന്ത്രി പി രാജീവിന് വേണ്ടി ഫോർട്ട് കൊച്ചി സബ് കളക്ടർ വിഷ്ണു രാജ്, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് എന്നിവര്‍ പുഷ്പചക്രം സമർപ്പിച്ചു. നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഫ്ലാറ്റിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

ലായം കൂത്തമ്പലത്തിൽ ചലച്ചിത്ര മേഖലയിൽ നിന്ന് ജനാർദ്ദനൻ, കുഞ്ചൻ, ഇടവേള ബാബു, മനോജ് കെ ജയൻ, പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, സുരേഷ് കൃഷ്ണ, ടിനി ടോം, എം ജി ശ്രീകുമാർ, സിബി മലയിൽ, കമൽ, തുടങ്ങിയവരും ഹൈബി ഈഡൻ എംപി, മേയർ എം അനിൽ കുമാർ, സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, വിവിധ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

തൃശൂരിൽ കെപിഎസി ചെയർമാൻ കെ ഇ ഇസ്മയിൽ, മുൻ മന്ത്രി കെ പി രാജേന്ദ്രൻ തുടങ്ങിയവർ പുഷ്പചക്രം സമർപ്പിച്ചു. കെപിഎസി ജനറൽ സെക്രട്ടറി അഡ്വ. എ ഷാജഹാൻ, ഇന്നസെന്റ്, ഇടവേള ബാബു, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, ജയരാജ് വാര്യർ, ഫുട്ബോൾ താരം ഐ എം വിജയൻ, സംവിധായകരായ സത്യൻ അന്തിക്കാട്, ജയരാജ്, പ്രിയനന്ദൻ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ, വൈശാഖൻ, കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അശോകൻ ചരുവിൽ തുടങ്ങി സാമൂഹിക‑സാംസ്കാരിക മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.

കവിയൂർ പൊന്നമ്മ, ഇടവേള ബാബു, ഗായിക റിമി ടോമി, രമ്യ ഹരിദാസ് എംപി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ തുടങ്ങിയവർ വടക്കാഞ്ചേരിയിൽ പുഷ്പചക്രം അർപ്പിച്ച് അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കു ശേഷം ഓട്ടുപാറ പരിസരത്ത് സർവ്വകക്ഷി അനുശോചന യോഗം നടന്നു.

Eng­lish Sum­ma­ry: Funer­al of KPAC Lalitha held in Thrissur

You may like this video also

Exit mobile version