Site icon Janayugom Online

ജി20ക്ക് സമാപനം: അധ്യക്ഷപദവി ഇന്ത്യ ബ്രസീലിന് കൈമാറി

modi

ജി20 ഉച്ചകോടിക്ക് സമാപനം. അധ്യക്ഷപദവി ബ്രസീലിന് കൈമാറിയാണ് രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടന്നുവന്നിരുന്ന ജി20 ഉച്ചകോടിക്ക് സമാപനമായത്. ജി20 വിർച്വൽ ഉച്ചകോടി നവംബറിൽ നടത്തണമെന്ന് മോഡി സമാപന സമ്മേളനത്തില്‍ ശുപാർശ ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷപദവി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കൈമാറി. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി നടത്തുക. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയെങ്കിലും നവംബര്‍ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്തുതന്നെ തുടരും. ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.

സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് പ്രധാനമന്ത്രി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിന്റെയും പ്രസിഡൻറുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.
ഉക്രയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ഡല്‍ഹിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്.
അതേ സമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തിയിരുന്നു. 

Eng­lish Sum­ma­ry: G20 ends: India hands over chair­man­ship to Brazil

You may also like this video

Exit mobile version