ജി20 വികസന കര്‍മ്മപദ്ധതി വിഭാഗത്തിന്റെ (ഡെവലപ്മെന്റ് വർക്കിങ് ഗ്രൂപ്പ്) ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ യോഗം ഡിസംബർ 13 മുതൽ 16 വരെ മുംബൈയിലായിരുന്നു. ബാന്ദ്ര‑കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന സമ്മേളനത്തില്‍ അംഗങ്ങളും അതിഥി രാജ്യങ്ങളും രാജ്യാന്തര സംഘടനകളും പങ്കെടുത്തു. ജി20 പ്രതിനിധികളും അതിഥികളും അവിടെ പതിനൊന്ന് നഗരസഭാ വാർഡുകൾ സന്ദർശിക്കാന്‍ നിശ്ചയിച്ചിരുന്നു. ഈ വാർഡുകൾ മനോഹരമാക്കുന്നതിന് 24.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ എല്ലാം കടലാസില്‍ ഒതുങ്ങി. പ്രതിനിധികളുടെയും അതിഥികളുടെയും സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയില്‍ സാന്താക്രൂസിനും ബോറിവെലിക്കും ഇടയിൽ പാതയോരങ്ങളില്‍ വെള്ള തുണികൊണ്ടുള്ള കൂറ്റന്‍ മറകള്‍ ഉയര്‍ന്നു. ചേരികളും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ദുരിതങ്ങളും മറയ്ക്കാൻ പിന്നെയും വിവിധ ആവരണങ്ങൾ വന്നു. മാലിന്യക്കൂമ്പാരവും ചെളിക്കുന്നുകളും മറയ്ക്കപ്പെട്ടു. പ്രതിനിധികളെയും അതിഥികളെയും കൊണ്ട് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. വഴിയോരക്കച്ചവടക്കാരെ പ്രദേശത്തുനിന്നും പറിച്ചെറിഞ്ഞു. ഇത്തരം കോമാളിത്തരങ്ങള്‍ ഇവിടെ പതിവാണ്. ലോകത്തില്‍ മുന്‍നിരയിലുള്ള 19 സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങളും സെൻട്രൽ ബാങ്ക് ഗവർണർമാരും യൂറോപ്യൻ യൂണിയനിലുള്‍പ്പെടുന്ന രാജ്യങ്ങളും അടങ്ങിയ ജി20 യുടെ അധ്യക്ഷനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനമേറ്റതിനു ശേഷം നടന്ന ആദ്യ യോഗമായിരുന്നു ജിയോ വേൾഡ് സെന്ററിൽ നടന്നത്. ജി20 ധനകാര്യ‑സാമ്പത്തിക മാർഗനിർദേശങ്ങൾ സജ്ജീകരിക്കാൻ ഉദ്ദേശിച്ചുള്ള സ്വയം നിയമിത ഗ്രൂപ്പാണ്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉൾപ്പെടെയുള്ള ശുപാർശകളിലും തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുന്നതിൽ ബഹുരാഷ്ട്ര കുത്തകകളാണ് ജി20 യിൽ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും പ്രതിനിധികൾ ജി20യിലെ സ്ഥിരം ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. അവർ ഒരുമിച്ച് സ്വതന്ത്ര വ്യാപാര വ്യവസ്ഥകൾക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട അജണ്ടകള്‍ രൂപീകരിക്കുന്നു, അതിനുള്ള ചാലക ശക്തികളായി വര്‍ത്തിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ നീതിക്കും മനുഷ്യാവകാശങ്ങൾക്കും ജി20 വേദിയാകുന്നില്ല. സ്വതന്ത്ര വ്യാപാര, നിക്ഷേപ കരാറുകൾ ജനങ്ങളുടെ ജീവിതത്തെ മാത്രമല്ല പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. സമ്പന്ന വിഭാഗങ്ങളുടെ മാത്രം നേട്ടത്തിനായി നയങ്ങള്‍ ചിട്ടപ്പെടുത്തുകയും ആഗോളതലത്തിൽ ഉദാരവൽക്കരണ പ്രക്രിയയെ സഹായിക്കുകയും ചെയ്യുകയാണ് ജി20 സംവിധാനം. 1999‑ലാണ് ജി20യുടെ രൂപീകരണം. ആഗോള സാമ്പത്തിക, ധനകാര്യ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്ന നയങ്ങൾ രൂപീകരിക്കുന്നതിനും അവശ്യമെങ്കില്‍ ഭേദഗതി വരുത്തുന്നതിനും ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്കുകളുടെ ഗവർണർമാരുടെയും സംഗമം ആയിരുന്നു ലക്ഷ്യം. 2022 ഡിസംബർ ഒന്നു മുതൽ 23 നവംബർ 30 വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. അധ്യക്ഷപദവി മാറി മാറി വരും. ഓരോ രാജ്യത്തിനും അതിന്റെതായ സാമൂഹിക സാമ്പത്തിക വ്യവസ്ഥയുണ്ട്. അത് ജനാധിപത്യത്തില്‍ ഊന്നിയിരിക്കണം എന്നില്ല. സ്വേച്ഛാധിപതികളും സ്വേച്ഛാധിപത്യം അടിസ്ഥാനമാക്കിയവരും അംഗങ്ങളായുണ്ട്.
ഇതുകൂടി വായിക്കൂ: എന്‍ഡിടിവിയെ വിഴുങ്ങാന്‍ വിടരുത്
സമ്പൂർണ അധികാരം രാജാവില്‍ നിക്ഷിപ്തമാക്കിയിരിക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളും ഉൾപ്പെടുന്നു. അധ്യക്ഷപദവി അംഗരാജ്യത്തിന് നൽകുന്ന ബഹുമതിയാണ്. പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ല എന്നതിന്റെ പ്രധാന സൂചകമാണ് എല്ലാ വർഷവും മാറുന്ന അധ്യക്ഷപദവി. സംവാദങ്ങളിൽ പങ്കെടുക്കാന്‍ എത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ ചെലവഴിക്കുന്ന ഭാരിച്ച ചെലവുകളാണ് മിച്ചം. ഒരു രാജ്യത്തിന് അധ്യക്ഷപദവി ലഭിക്കുമ്പോള്‍ സ്വാഭാവികമായും ആതിഥ്യം വഹിക്കേണ്ടിവരും. എന്നാൽ അതിൽ നിലവിൽ വ്യാപാര യുദ്ധത്തിലിരിക്കുന്ന (അമേരിക്കയും ചൈനയും പോലുള്ളവ) അല്ലെങ്കിൽ മറ്റുള്ളവരുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി ഇല്ലാത്ത രാജ്യങ്ങളും ഉൾപ്പെടുന്നു. കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള വേദിയില്‍ ഏറ്റവും അധികം കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളും ഉൾപ്പെടുന്നു. സൈനിക മേഖലകളില്‍ (യൂറോപ്പ്, അമേരിക്ക) സഖ്യകക്ഷികളാണ്. ഇവരില്‍ ഒന്നിനു നേരെയുള്ള ആക്രമണം എല്ലാവര്‍ക്കും മേലുള്ള കയ്യേറ്റമായി പരിഗണിക്കുന്നു. പ്രത്യേകമായി ഉടമ്പടികൾ ഒപ്പുവച്ച രാജ്യങ്ങളും നിലവിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്നു. അതിർത്തികളില്ലാത്തതും പൗരന്മാർക്ക് പരസ്പരം സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും കഴിയുന്ന രാജ്യങ്ങളും ഉൾപ്പെടുന്നു. ലോകത്തിലെ വലിയ കുത്തകകള്‍ ജി20 രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഗണ്യമായ സാമ്പത്തിക ശക്തിയും ഇവര്‍ക്കുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ പടിഞ്ഞാറൻ അതിർത്തികളിൽ അവസാനിച്ചിട്ടില്ലെന്ന് രണ്ടു പതിറ്റാണ്ടു മുമ്പേ ബോധ്യപ്പെട്ടിരുന്നതാണ്. ജി7 പോലുള്ള പരമ്പരാഗത യോഗങ്ങൾ പുതിയ വെല്ലുവിളികൾക്ക് അനുയോജ്യമല്ലെന്നും ബോധ്യപ്പെട്ടിരുന്നു. മെക്സിക്കൻ പെസോയുടെ തകർച്ചയും ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ഉയർച്ചയും പടിഞ്ഞാറിന് പ്രതിസന്ധിയായി. പടിഞ്ഞാറിന് സ്വന്തം കാലില്‍ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രതിസന്ധികളുടെ പശ്ചാത്തലമാണ് ജി20 യുടെ നിലനില്‍പ്പ്.