Site icon Janayugom Online

കെട്ടുകാഴ്ചകള്‍ കൊട്ടിഘോഷങ്ങളാക്കുന്നവര്‍

കദേശം ഒരുവര്‍ഷമാകുകയാണ് പതിവ് ക്രമമനുസരിച്ച് ഇന്ത്യ ജി20 കൂട്ടായ്മയുടെ അധ്യക്ഷപദത്തിലെത്തിയിട്ട്. സ്വയം പുകഴ്ത്തലിന്റെയും വാചാടോപത്തിന്റെയും മേനിനടിക്കലിന്റെയും കാര്യത്തില്‍ അഗ്രഗണ്യരായ സംഘ്പരിവാര്‍ പ്രചാരകര്‍ ഇത് മോഡിയുടെ വ്യക്തിപരമായ നേട്ടമായി വ്യാഖ്യാനിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയതായിരുന്നു. ഇന്ത്യ എന്ന രാജ്യത്തിനായിരുന്നു അധ്യക്ഷ പദവിയെന്നും പ്രധാനമന്ത്രി ആരായിരുന്നാലും അദ്ദേഹമാണ് ആ സ്ഥാനത്തെത്തുകയെന്നുമുള്ള വസ്തുത അംഗീകരിക്കുവാന്‍ ആദ്യമവര്‍ തയ്യാറല്ലായിരുന്നു. അതിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടപ്പോള്‍ അധ്യക്ഷപദവി മോഡിയെ ആഗോള നേതാവാക്കുന്നതിനുള്ള കെട്ടുകാഴ്ചകളായി പിന്നീട്. പക്ഷേ ജി20 യുടെ വിവിധ സമ്മേളനങ്ങളും വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളും സമവായ പ്രസ്താവനകള്‍ പോലുമില്ലാതെ സമാപിച്ചപ്പോള്‍ അതും പൊളിഞ്ഞു. ഇപ്പോള്‍ അടുത്ത ദിവസം രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയെ കൊട്ടിഘോഷമാക്കുകയാണ് അവര്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഉച്ചകോടിയുടെ പ്രധാന ചടങ്ങുകള്‍ നടക്കുക.


ഇതുകൂടി വായിക്കൂ:  ജി20 ലഘുലേഖയില്‍ വേദം, മഹാഭാരതം


ലോകത്തെ ചില രാജ്യങ്ങള്‍-പ്രത്യേകിച്ച് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചിലത്-സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് 1990കളുടെ അവസാന വര്‍ഷങ്ങളിലാണ് സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ സാമ്പത്തിക കൂട്ടായ്മ രൂപീകരിച്ചത്. അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് തലവന്മാരുമായിരുന്നു ആദ്യഘട്ട പ്രതിനിധികളായിരുന്നതെങ്കിലും പ്രവര്‍ത്തനം സജീവമായിരുന്നില്ല. ലോകമാകെ മറ്റൊരു സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ 2008ലായിരുന്നു വീണ്ടും സജീവമായത്. ധനമന്ത്രിമാര്‍ക്ക് പകരം രാഷ്ട്രത്തലവന്മാര്‍ അംഗങ്ങളാകുന്നത് അതോടെയാണ്. പിന്നീടാണ് ജി 20 കൂട്ടായ്മ സജീവമായതും സാമ്പത്തിക മേഖലയ്ക്കൊപ്പം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി സംഘടന മാറിയതും. എങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ വിവാദങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുന്ന പല വിഷയങ്ങളിലും സമവായത്തിലെത്താനോ മധ്യസ്ഥത വഹിക്കുവാനോ ജി20 യ്ക്കായിട്ടില്ലെന്നത് വസ്തുതയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇന്ത്യ സംഘടനയുടെ അധ്യക്ഷ പദവിയിലെത്തിയത് എന്നതുകൊണ്ടുതന്നെ പതിവ് മേനിനടിക്കലിനപ്പുറം മൂര്‍ത്തമായ എന്തെങ്കിലും അടയാളപ്പെടുത്തുവാന്‍ ആയോ എന്ന ചോദ്യത്തിന് ഇല്ല എന്നതുതന്നെയാണ് ഉത്തരം. നിലവിലെ ഏറ്റവും വലിയ ആഗോളപ്രശ്നമായ ഉക്രെയ്ന്‍-റഷ്യ യുദ്ധം അറുതിവരുത്തുന്നതിന് സംഘടനയ്ക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ ഏകോപിത അഭിപ്രായരൂപീകരണം പോലും സാധ്യമാകുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആഗോളതലത്തില്‍ സാമ്പത്തിക വിഷയവും ഭക്ഷ്യസുരക്ഷാ പ്രശ്നവുമായി വളര്‍ന്നിട്ടുപോലും അതിന് സാധിക്കുന്നില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. അമേരിക്കന്‍ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി നില്‍ക്കുന്ന കൂടുതല്‍ രാജ്യങ്ങളെ അംഗങ്ങളാക്കണമെന്ന ചൈനയുടെ ആവശ്യവും കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുള്ള പ്രശ്നങ്ങളും വന്‍കിട‑ചെറുകിട രാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന വൈരുദ്ധ്യങ്ങളും അതുപോലെ തുടരുകയുമാണ്. എങ്കിലും വലിയ മാധ്യമപ്രചരണങ്ങളും ആഘോഷങ്ങളും കൊണ്ട് ജി20 അധ്യക്ഷ പദവിയെ കൊണ്ടാടുകയാണ് മോഡിയും കൂട്ടരും. ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയെ അതിനുള്ള പ്രധാന ഉപാധിയാക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും.


ഇതുകൂടി വായിക്കൂ: ജി20: നാണം മറയ്ക്കാന്‍ മോഡി ചേരികള്‍ മൂടിവയ്ക്കുന്നു


പക്ഷേ, ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചും ഇടിച്ചുനിരത്തിയുമാണ് വിവിധ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടിയുടെ വേദിയൊരുക്കുന്നത് എന്നതും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ചെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടങ്ങിയവരെത്തുന്നില്ല എന്നതുമൊക്കെ അവര്‍ ഉദ്ദേശിച്ച തിളക്കം ഉണ്ടാക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. പ്രമുഖ രാജ്യങ്ങളുടെ മേധാവികള്‍ എത്തുന്നില്ലെന്നത് യഥാര്‍ത്ഥത്തില്‍ മോഡിയുടെയും അവരുടെ പ്രചാരകവൃന്ദത്തിന്റെയും മേനിനടിക്കലിനേറ്റ തിരിച്ചടി കൂടിയാണ്. എന്നുമാത്രമല്ല, ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹിയെ കര്‍ഫ്യൂവിന് സമാനമായ അന്തരീക്ഷത്തിലാക്കുന്നതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. നേരത്തെ പലതവണ ചെയ്തതുപോലെ ദാരിദ്ര്യം മറയ്ക്കുന്നതിന് മതിലുകള്‍ ഇത്തവണ പണിതില്ല. എങ്കിലും ചേരികള്‍ കാണാതിരിക്കാന്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചതും പല മെട്രോ സ്റ്റേഷനുകളും അടയ്ക്കാന്‍ നിര്‍ദേശിച്ചതും വഴിയോര കച്ചവടകേന്ദ്രങ്ങളും കുടിലുകളും ഇടിച്ചുനിരത്തിയതും ആഗോള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. എത്തിച്ചേരുന്ന രാഷ്ട്രത്തലവന്മാര്‍ അവ കാണരുതെന്ന് ഉദ്ദേശിച്ചാണ് ചെയ്തതെങ്കിലും ഈ നടപടി ഫലത്തില്‍ രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കി. അടിസ്ഥാന പ്രശ്നങ്ങളിലും ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലും നാണക്കേടുണ്ടാക്കിയ ഭരണ നടപടികളെ ജി20 അധ്യക്ഷ പദവികൊണ്ട് മറച്ചുപിടിക്കാമെന്ന മോഡിയുടെയും കൂട്ടരുടെയും മോഹം തകര്‍ന്നുവീഴുന്നതാണ് നാം കണ്ടത്. ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടി അതിന്റെ വലിയ ഉദാഹരണമാകുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്.

Exit mobile version