Site iconSite icon Janayugom Online

ഗഗൻയാൻ ദൗത്യം; ആളില്ലാ പേടകത്തെ അയച്ചുള്ള പരീക്ഷണത്തിന് സജ്ജമെന്ന് ഐഎസ്ആർഒ

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ആളില്ലാ പേടകം അയച്ചുള്ള പരീക്ഷണങ്ങള്‍ക്ക് തയ്യാറായതായി ഐഎസ്ആര്‍ഒ. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ‑1) വിക്ഷേപണത്തിന് സജ്ജമായതായി ഐഎസ്ആർഒ അറിയിച്ചു. ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാനുള്ള ക്രൂ മോഡ്യുൾ (സിഎം), അടിയന്തര സാഹചര്യങ്ങളിൽ സഞ്ചാരികളെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം (സിഇഎസ്) അടങ്ങിയതാണ് ടിവി ഡി-1. സംയോജനവും പരിശോധനയും പൂര്‍ത്തിയാക്കി ടിവി-ഡി1 വിക്ഷേപണത്തിന് സജ്ജമായതായി ഐഎസ്ആർഒ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പരീക്ഷണവാഹനം വിക്ഷേപണത്തറയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പേടകങ്ങളുടെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.

ടിവി-ഡി1 ദൗത്യത്തിന്റെ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഭൗമാന്തരീക്ഷത്തിന് സമാനമായ ഉയര്‍ന്ന മര്‍ദമുള്ള സാഹചര്യമാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശയാത്രികരെ വഹിക്കുന്ന ക്രൂ മൊഡ്യൂളില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. യാത്രികരെ വഹിച്ചുള്ള യാത്രയ്ക്കായി ഈ മൊഡ്യൂൾ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ പരീക്ഷണങ്ങൾ നടത്തുന്നത്.

ക്രൂ മൊഡ്യൂളിന്റെ മര്‍ദമില്ലാത്ത പതിപ്പാണ് പരീക്ഷണത്തിന് തയ്യാറായിരിക്കുന്ന ടിവി-ഡി1. യഥാർത്ഥ ക്രൂ മോഡ്യുളിന്റെ വലുപ്പവും ഭാരവും ഇതിനുണ്ട്. ക്രൂ മോഡ്യുളിലെപ്പോലെ വേഗത കുറയ്ക്കുന്നതിനും തിരികെ വീണ്ടെടുക്കുന്നതിനുമായുള്ള പാരച്യൂട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ക്രൂ മൊഡ്യൂളിനെ ബംഗാള്‍ ഉള്‍ക്കടലിലാണ് സുരക്ഷിതമായി വീഴ്ത്തുക. ഇവിടെ നിന്ന് നാവികസേനയുടെ കപ്പലും ഡൈവിങ് ടീമിനെയും ഉപയോഗിച്ചാണ് വീണ്ടെടുക്കുക. ഇതിനുള്ള പരിശീലനം ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ഐഎസ്ആര്‍ഒയും നാവികസേനയും ചേർന്ന് നൽകിയിരുന്നു.

Eng­lish Summary:Gaganyaan Mis­sion; ISRO ready to launch unmanned probe
You may also like this video

Exit mobile version