അമ്മമാര്‍ ഗാന്ധാരിമാ-
രിപ്പൊഴും വിലപിച്ചും
കണ്ണുനീരൊലിപ്പിച്ചും
നടക്കുന്നുണ്ടാവണം
ഇന്നലെ കുരുക്ഷേത്ര
ഭൂമിയില്‍, പാലസ്തീനില്‍
ഇന്നശാന്തമായ് തീര്‍ന്ന
ഉക്രെയിന്‍ ദേശങ്ങളില്‍
തീവ്രവാദത്തിന്‍ വിഷ-
വൃക്ഷങ്ങള്‍ മാനംമുട്ടെ
വളര്‍ന്ന കശ്മീരിന്റെ
സുന്ദര സാനുക്കളില്‍
രുധിരം മണക്കുന്ന
നാടുകള്‍തോറും കര-
ഞ്ഞിപ്പൊഴും നടക്കുന്നു
വിശ്വമാതാവാം അമ്മ
എവിടെ ഇരുള്‍കൊണ്ടു
സൂര്യനെ മറച്ചാലും
സത്യധര്‍മ്മങ്ങള്‍ ശര-
ശയ്യയില്‍ മരിച്ചാലും
ദിക്കു തെറ്റിയ കൗമാ-
രങ്ങളെ വളഞ്ഞിട്ടു
പത്മവ്യൂഹത്തില്‍ വച്ചു
ചതിച്ചു ഹനിച്ചാലും
അശ്വത്ഥാമാക്കള്‍ രാവില്‍
അലഞ്ഞു നടന്നത്ര
പിഞ്ചുബാല്യങ്ങള്‍ തീയി
ലെരിച്ചു രസിച്ചാലും
വിശ്വമാനവത്വത്തിന്‍
വേദന നെഞ്ചേറ്റിയ
മാതൃഭാവമായെത്തും
*ഖാണ്ഡഹാറിലെ അമ്മ
നമുക്കായ് കരയുവാന്‍
നമ്മളെ വിലക്കുവാന്‍
യുദ്ധങ്ങളില്ലാത്തൊരു
കാലത്തെ ഓര്‍മ്മിപ്പിക്കാന്‍
*ഖാണ്ഡഹാര്‍— ഗാന്ധാരം- ഗാന്ധാരി