Site iconSite icon Janayugom Online

ഹിന്ദുത്വത്തിനെതിരെ ഗാന്ധിജിയുടെ വിജയം

വീണ്ടും ഒരു ഗാന്ധിജയന്തി കൂടി എത്തിയിരിക്കുന്നു. ബാപ്പു ജനിച്ച ദിവസം. ഗാന്ധിജി നമ്മെ പഠിപ്പിച്ച അവിസ്മരണീയമായ സന്ദേശം മാറ്റത്തെക്കുറിച്ചായിരുന്നു; അത് അനശ്വരമാണെന്നായിരുന്നു. ആ ജീവൻ ബലിയർപ്പിച്ചത് തന്നെ സത്യത്തിന് വേണ്ടിയായിരുന്നു. നെഞ്ചില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയപ്പോഴുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ‘ഹേ റാം’ എന്നായിരുന്നു. അത് മുന്‍കൂട്ടി തയാറാക്കിയതല്ലായിരുന്നു. പക്ഷേ അത്ഭുതപ്പെടേണ്ടതില്ല; അദ്ദേഹത്തിന് തന്റെ ജനങ്ങളെ നന്നായി അറിയാമായിരുന്നു, ‘മറ്റുള്ളവ’രെയും. ‘അവർക്ക്’ നമുക്കിടയിൽ വേരുകളില്ലായിരുന്നു. നമ്മള്‍ എന്ന പ്രയോഗത്തില്‍ ഇന്ത്യ മാത്രമല്ല, അതിനപ്പുറവും ഉൾപ്പെടുന്നു. ബാപ്പു നമ്മെ മുഴുവന്‍ ‌ തന്റെ മെലിഞ്ഞ കൈകളിൽ താങ്ങിനിര്‍ത്തി. പിന്നീട് പതിയെപ്പതിയെ തളര്‍ന്നു തുടങ്ങിയപ്പോഴും അത് തോല്‍വിയല്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഗോഡ്‌സെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ശോഷിച്ച് തുടങ്ങുകയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം തന്നെ ശിഥിലമായി. ആർഎസ്എസ് നിരോധിക്കപ്പെട്ടു. അതിന്റെ നേതാക്കള്‍ തടവിലാക്കപ്പെട്ടു. ഒന്നര വർഷം കഴിഞ്ഞ് നിരോധനം പിൻവലിച്ചപ്പോഴും ആർഎസ്എസിനെ ജനങ്ങൾ അംഗീകരിച്ചില്ല.
ഇപ്പോള്‍ ഒക്ടോബർ രണ്ട് അന്താരാഷ്‌ട്ര അഹിംസാ ദിനമായി ആഘോഷിക്കുന്നു. പൗരാവകാശങ്ങൾക്കെതിരായ ഏത് ആക്രമണത്തെയും സമാധാനപരമായി ചെറുക്കുമെന്ന് നാമെല്ലാവരും പ്രതിജ്ഞയെടുക്കുന്ന ദിനമാണിത്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അഹിംസ എന്നത് നിഷേധത്തിന്റെയോ അവകാശവാദത്തിന്റെയോ പരിധിയിലുള്ളതായിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള അവബോധം പോലും വേണ്ടാത്ത തരത്തില്‍ ആഴത്തിലുള്ളതായിരുന്നു. നിർഭയത്വം മാത്രമല്ല അതെന്ന് നമ്മൾ മനസ്സിലാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മൂന്നാമതും വെടിയുതിർക്കാൻ (ആദ്യത്തെ രണ്ട് ഷോട്ടുകൾ തികച്ചും അപ്രതീക്ഷിതമായിരുന്നു) തോക്കുമായി കൊലയാളി അടുത്തപ്പോഴാണ് ഒരു നിമിഷം അവനെ നോക്കിയ ഗാന്ധിജി തളർന്ന് വീണത്. ആ വീഴ്ച നമ്മുടെ സാംസ്കാരിക ധാർമ്മികതയ്ക്കുള്ളിൽ തന്നെയായിരുന്നു. ഗോഡ്‌സെയ്ക്ക് നേരെയുള്ള അവസാന നോട്ടത്തിൽ പോലും പരാതിയുടെ ലാഞ്ഛന ഉണ്ടായിരുന്നില്ല. അങ്ങനെ തന്റെ കൊലയാളിയെ പോലും അദ്ദേഹം കീഴ്പ്പെടുത്തി. സാംസ്കാരിക ബഹുസ്വരത പുതിയ തലങ്ങളിൽ എത്തുകയായിരുന്നു, മാനവികതയുടെ ഉന്നതതലങ്ങളിൽ. ഹിന്ദു ദേശീയതയാകട്ടെ വളരെ പിന്നിലേക്ക് ചുരുങ്ങുകയും ക്രൂരതയുടെ പര്യായമായി മാറുകയും ചെയ്യുന്നതായി ഇവിടെ നമുക്ക് കാണാം. ഹിന്ദു ദേശീയതയ്‌ക്കെതിരായ വലിയ വിജയമായിരുന്നു അത്.

കൊളോണിയൽ ശക്തികൾക്കെതിരെ പോരാടുന്ന ദേശീയതയ്ക്ക് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും എല്ലാ സമുദായങ്ങളെയും വര്‍ഗങ്ങളെയും മുഴുവൻ ജനതയെയും ഉൾക്കൊള്ളുന്ന വിശാലമായ ക്യാൻവാസ് ഉണ്ടായിരുന്നു. അതിന്റെ ആന്തരിക ശക്തി തന്നെ പൗരാവകാശങ്ങളുടെ പരിപാലനവും വിപുലീകരണവുമായിരുന്നു. വാസ്തവത്തിൽ അന്ന് പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കാനുള്ള ഒരേയൊരു സംവിധാനം പത്രങ്ങളായിരുന്നു. അന്ന് ജനാധിപത്യം ഇല്ലായിരുന്നു. എന്നാൽ പത്രങ്ങളുണ്ടായിരുന്നു. 1908 ൽ, തൊഴിലാളികളുടെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്ക് പൊട്ടിപ്പുറപ്പെട്ടത് കൊളോണിയൽ സര്‍ക്കാരിനെതിരെ നിരന്തരം എഴുതിയ ബാലഗംഗാധര തിലകിനെ തടവിലിടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു. സർക്കാർ ഭിന്നാഭിപ്രായങ്ങൾ അനുവദിക്കുന്നില്ലെന്നും ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ യുവാക്കൾ അക്രമങ്ങൾക്ക് ശ്രമിക്കുന്നുണ്ടെന്നും തിലക് പറഞ്ഞു. അദ്ദേഹം അക്രമങ്ങളെ അപലപിച്ചു. എന്നിട്ടും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. തടങ്കലിൽ വയ്ക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയപ്പോൾ, ‘കൊളോണിയൽ സർക്കാർ രാജ്യത്തെ മുഴുവൻ ഒരു വലിയ ജയിലാക്കി മാറ്റിയിരിക്കുകയാണ്. തടവറയിലേക്ക് പോകുന്നത് വലിയ സെല്ലിൽ നിന്ന് ചെറിയ സെല്ലിലേക്ക് മാറുന്നതുപോലെ മാത്രമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഇത് കൂടി വായിക്കൂ:  ഈ പോരാട്ടത്തോട് കൈകള്‍ കോര്‍ക്കുക 


രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്, 1908 മുതൽ 1914 വരെ തിലക് തടവില്‍ കിടന്നു. തുടര്‍ന്ന് ബോംബെയിലെ തുണിമില്‍ തൊഴിലാളികൾ തെരുവിലിറങ്ങി. വർഷങ്ങൾക്ക് ശേഷം ഇതേക്കുറിച്ച് സഖാവ് ലെനിന്‍ പറഞ്ഞത്, ‘തൊഴിലാളികളുടെ പണിമുടക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഘട്ടത്തിലേക്കുള്ള അവരുടെ പ്രവേശനമാണ്’ എന്നാണ്. തിലകിനെ ‘വിപ്ലവകാരി’ എന്നാണ് ലെനിന്‍ വിളിച്ചത്. വർഷങ്ങൾക്ക് ശേഷം 1922ൽ ഗാന്ധിജിക്കെതിരെയും ഇതേ രാജ്യദ്രോഹക്കുറ്റം ചുമത്തി. അതിനെത്തുടര്‍ന്ന് തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് ആളുകൾ, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പേരില്‍ ജയിലിൽ കിടന്നു. എന്നാൽ സർക്കാർ ഇവർക്കെതിരെ ഒരു കുറ്റവും ചുമത്തിയില്ല. ‘യങ് ഇന്ത്യ’യില്‍ ലേഖനമെഴുതിയതിനാണ് ഗാന്ധിജിക്കുമേല്‍ രാജ്യദ്രോഹം ചുമത്തിയത്. ‘പൗരസ്വാതന്ത്ര്യത്തെ ജീവൻ കൊടുത്തും സംരക്ഷിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അത് സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ ശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് സ്വാതന്ത്ര്യത്തിന്റെ അടിത്തറയായിരുന്നു. രാഷ്ട്രസ്വാതന്ത്ര്യത്തിന് അതിരുകളില്ലാത്ത പൗരസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. അത് ജീവന്റെ ജലമാണെന്നദ്ദേഹം കരുതി. ജലം ശുദ്ധമായി സൂക്ഷിക്കാനും ഭിന്നരുചികള്‍ ഉൾക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. കാരണം വെള്ളം മനുഷ്യവർഗത്തിന്റെ ജീവരേഖയാണ്; അതുപോലെത്തന്നെയാണ് പൗരസ്വാതന്ത്ര്യവും.


ഇത് കൂടി വായിക്കൂ: അതിര്‍ത്തി കടന്ന് തീവ്രഹിന്ദുത്വം; അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു 


പൗരാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിൽ, അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഐക്യം അനിവാര്യമാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരായ മീററ്റ് ഗൂഢാലോചനക്കേസില്‍ എല്ലാ ബ്രിട്ടീഷ് വിരുദ്ധ ശക്തികളും ഒന്നിക്കുകയും ശക്തമാവുകയും ചെയ്തത് മികച്ച ഉദാഹരണമാണ്. തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ട 32 നേതാക്കളെ സർക്കാർ അറസ്റ്റ് ചെയ്തു. അതിനെതിരെയുള്ള പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രതിപക്ഷം ഒരുമ നിലനിര്‍ത്താനുള്ള നടപടികൾ സ്വീകരിച്ചതാണ് കാരണം. നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകമായിരുന്നു മാതൃക. ബ്രിട്ടീഷുകാർക്ക് കമ്മ്യൂണിസ്റ്റുകാരെ അടിച്ചമർത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധാരണ ജനങ്ങൾ പോലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്തു.
തടവുകാരെ പാർപ്പിച്ച മീററ്റ് ഒരു ചെറിയ പട്ടണമായിരുന്നു. എന്നിട്ടും ഓരോ വാർത്തകളും നിമിഷനേരം കൊണ്ട് പൊതുജനങ്ങളിലേക്കെത്തി. എല്ലാ ദിവസവും ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ടിരുന്ന ദേശീയ പത്രങ്ങള്‍ക്കാണ് അതിന്റെ ക്രെഡിറ്റ്. പൊതുശത്രുവിനെതിരെയുള്ള ജനങ്ങളുടെ യോജിച്ച പോരാട്ടത്തിന്റെ ഉദാഹരണമായിരുന്നു അതെന്ന് നാം മറക്കാതിരിക്കണം.

You may also like this video;

Exit mobile version