Site iconSite icon Janayugom Online

സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഗംഗ യമുന സിന്ധു സരസ്വതി‘പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ, യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജപാലാരിവട്ടം പിഒസിയില്‍ നടന്നു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാമൂഹ്യ‑ജീവകാരുണ്യ പ്രവര്‍ത്തകനായ ടി ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍, ബാബു നാപ്പോളി, മാര്‍ബന്‍ റഹിം എന്നിവര്‍ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്ത്രീജിവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകന്‍ സാജു സവോദയ പറഞ്ഞു. ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകന്‍ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി. 

സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന കുടുംബ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെന്ന് സംവിധായകരായ ഷിജു അഞ്ചുമനയും പ്രശാന്ത് കാഞ്ഞിരമറ്റവും സൂചിപ്പിച്ചു. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വെള്ളിത്തരയിലെത്തിക്കുന്ന ഈ സിനിമ ഒരു കൂട്ടായ്മയിലാണ് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് ടി ആര്‍ ദേവന്‍ പറഞ്ഞു. മലയാളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടനെ കൊച്ചിയിലും, വട്ടവടയിലുമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂജാ ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ ലാല്‍ നിര്‍വ്വഹിച്ചു. സംവിധായകനും നടനുമായ ജോണി ആന്‍റണി, സോഹന്‍ സീനുലാല്‍, അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, നടി അഭിജ ശിവകല, ദീപ്തി മേരി വര്‍ഗ്ഗീസ്, സാജന്‍ പള്ളൂരുത്തി, പ്രദീപ് പള്ളൂരുത്തി, സുനീഷ് വാരനാട്, ശശികല വി മേനോന്‍, കുരുവിള മാത്യൂസ്, കലാഭവന്‍ ജോഷി, ബൈജു ജോസ് തുടങ്ങിയ കലാസാഹിത്യ‑സിനിമ‑രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

Exit mobile version