Site iconSite icon Janayugom Online

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം ആകാശ് (21), ഹരിപ്പാട് വെട്ടുവേനി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌. ക്യാംപസിൽനിന്നു മുൻപും ലഹരിമരുന്നു പിടികൂടിയിട്ടുണ്ടെന്നും ലഹരിയുടെ വരവു തടയാൻ ആറുമാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പോളി ടെക്നിക് പ്രിൻസിപ്പൽ ‍ഡോ. ഐജു തോമസ് പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായവർ അവസാന വർഷ വിദ്യാർത്ഥികളാണ്. ഒരാഴ്ച കൂടിയേ ഇനി ഇവർക്കു ക്ലാസ് ഉള്ളൂ. എന്നിരുന്നാലും, അവരെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റി അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കും. വ്യാഴാഴ്ച രാത്രി കാമ്പസിലെ പെരിയാർ മെൻസ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ആകാശ്, ആദിത്യൻ, അഭിരാജ് എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്.ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും മറ്റുള്ളവരിൽ നിന്ന് 9.7 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരമാണ് മൂന്ന് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version