Site icon Janayugom Online

കേരളത്തില്‍ കൗമാരക്കാര്‍ക്ക് പ്രിയമായ ലഹരിവസ്തു കഞ്ചാവ്

സംസ്ഥാനത്ത് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്ന് കണ്ടെത്തല്‍. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ഭൂരിപക്ഷം പേരും ആദ്യമായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതെന്നും എക്സൈസ് വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്. 

ലഹരി ഉപയോഗങ്ങളിൽ 82 ശതമാനം പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്. 75.66 ശതമാനം പുകവലിയും 64.66 ശതമാനം മദ്യവും 25.5 ശതമാനം ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78 ശതമാനം പേർ. സ്വാധീനം മൂലം 72 ശതമാനവും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ 51.5 ശതമാനം പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.
ലഹരി വ്യാപനം തടയാന്‍ കൂടുതല്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആവശ്യമാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിന്റെ സർവേ റിപ്പോർട്ട് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ ഐപിഎസ് റിപ്പോർട്ട് ഏറ്റുവാങ്ങി. അഡീഷണൽ എക്സൈസ് കമ്മിഷണർ ഡി രാജീവ് ഐഒഎഫ്എസ്, ജോയിന്റ് എക്സൈസ് കമ്മിഷണർ ഗോപകുമാർ ആർ, സുൽഫിക്കർ എ ആർ, ഏലിയാസ് പി വി, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരായ ബി രാധാകൃഷ്ണൻ, സലിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പൊതുജനങ്ങള്‍ക്കിടയില്‍ സമഗ്രപഠനം

സമൂഹത്തിലെ ലഹരി ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ വിശദമായ ഒരു പഠനം എസ്‌പിസി കേഡറ്റ്സിന്റെ സഹകരണത്തോടെ ആരംഭിച്ചതായി എക്സൈസ് വകുപ്പ് അറിയിച്ചു.
ഒരു ലക്ഷം പേരിൽ നിന്നും വിവര ശേഖരണം നടത്തി സമഗ്രമായ ഒരു സർവേയാണ് നടക്കുന്നത്. ലഹരിയുടെ ഉറവിടം, ഉപയോഗിക്കപ്പെടുന്ന പ്രധാന ലഹരി പദാർത്ഥങ്ങൾ, കൗമാരക്കാർ ലഹരിയിലേക്ക് ആകർഷിക്കപ്പെടുവാനുള്ള കാരണങ്ങൾ എ­ന്നിവ ഒന്നാം ഭാഗമായും, വിമുക്തിയുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും തുടർ നിർദേശങ്ങളും രണ്ടാം ഭാഗമായും, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ സംബന്ധിച്ച് മൂന്നാംഭാഗമായും ആണ് സർവേ നടത്തുക.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ഉ­ദ്യോഗസ്ഥർ, ആദിവാസി-തീരദേശ വാസികൾ, അതിഥി തൊഴിലാളികൾ, ഐടി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 

Eng­lish Sum­ma­ry: Gan­ja is a pop­u­lar sub­stance among teenagers in Kerala

You may also like this video:

Exit mobile version