Site iconSite icon Janayugom Online

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍: വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറുന്നു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറുന്നു. സഞ്ചാരികൾക്ക് നയന വിസ്മയം ഒരുക്കുന്നതിനൊപ്പം ശുചിത്വ മികവിലും മാതൃകയാകാൻ ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ഒരുങ്ങുന്നത് 68 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ ഒന്നിന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക ടീം സ്ഥലം സന്ദർശിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്‌ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

വാടിക (കോട്ട മൈതാനം, പാലക്കാട്‌), പത്തനംതിട്ടയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രം, നിലമ്പൂർ തേക്ക് മ്യൂസിയം, വയനാട് കാരാപ്പുഴ ഡാം, കോഴിക്കോട് ലോകനാർകാവ് ക്ഷേത്രം, ആലപ്പുഴ വിജയ ബീച്ച് പാർക്ക്, എറണാകുളം പാണിയേലിപോര്, ഇടുക്കി കാല്‍വരി മൗണ്ട്, കണ്ണൂര്‍ ജബ്ബാർകടവ്, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കാസര്‍കോട്ടെ ബേക്കൽകോട്ട തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം, ഊർജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

വീടുകൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങൾ പോലെ തന്നെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പ്രത്യേകം പരിഗണിക്കേണ്ട സ്ഥലങ്ങളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ. പാരിസ്ഥിതികവും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗവും. അവയെ ശുചിത്വമികവിലേക്ക് എത്തിക്കുക മാത്രമല്ല സമ്പൂർണ ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാൻ കൂടിയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Exit mobile version