Site icon Janayugom Online

നൂലുപോലെ പെയ്തിറങ്ങുന്ന മഴയും കോടമഞ്ഞും .…

മഴക്കാലമായതോടെ ഗവി കൂടുതൽ മനോഹരിയായി. നൂലുപോലെ പെയ്തിറങ്ങുന്ന മഴയും കോടമഞ്ഞും യാത്രയിൽ ഉടനീളം കാണുന്ന വന്യ മൃഗങ്ങളും എല്ലാം ഏതൊരു സഞ്ചാരിയെയും മറ്റൊരു ലോകത്ത് എത്തിക്കും.പത്തനംതിട്ടയിൽ മഴ ശക്തമായത് മൂലം സഞ്ചരികൾക്ക് ഗവിയിൽ തത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗവിയിലേക്കുള്ള യാത്രയിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതോടെ ഗവിയിലെ വന്യ ജീവികളെ സുലഭമായി കാണുവാൻ കഴിയും. ആന, കാട്ടുപോത്ത്, കാട്ടുകോഴികൾ, മ്ലാവ്, കേഴമാൻ, കുറുക്കൻ, ചെന്നായ, കുരങ്ങ് തുടങ്ങി നിരവധി വന്യ മൃഗങ്ങളും ഗവിയാത്രയിൽ കാണുവാൻ കഴിയും. വന്യതയുടെ സ്വര്യവിഹാരതയിൽ പുൽമേടുകളിൽ മേഞ്ഞ് നടക്കുന്ന ആനക്കൂട്ടവും പാറപോലെ ഉറച്ച ശക്തിയുള്ള കാട്ടുപോത്തുകളും വർണ്ണനിറത്തിലുള്ള സുന്ദരൻമാരായ കാട്ടുകോഴി കൂട്ടവും എല്ലാം ഗവിയുടെ സൗന്ദര്യമാണ് .കക്കിയും അനുബന്ധ ഡാമുകളും ഗവിക്ക് ഭംഗി കൂട്ടുന്നു.

സീതത്തോട് പഞ്ചായത്തിൽ ആണ് ഗവി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഗവിയിൽ കേരള വനം വികസന കോർപറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദ സഞ്ചാര സൗകര്യങ്ങളും ഉണ്ട്.ഗ്രോ മോർ ഫുഡ്‌ പദ്ധതി പ്രകാരം ഇവിടെ കൃഷി ചെയ്തിരുന്ന ഏല കാടുകൾ ഫോറെസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്തിരുന്നു.എൺപതുകളുടെ ആദ്യം ശ്രീ ലങ്കയിൽ നിന്നും കുടിയിറക്കപ്പെട്ട തമിഴ് വംശജർ ആണ് ഇവിടുത്തെ പ്രാദേശിക ജന വിഭാഗവും ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിൽ അധികവും.

പതിറ്റാണ്ടുകൾ ആയി ഗവി മേഖലയിൽ ഉള്ള ശ്രീലങ്കൻ വംശജരായ ഇവരുടെ സംരക്ഷണത്തിനായാണ് കേരള വനം വികസന കോർപറേഷൻ ഇവിടെ നിയന്ത്രിത വിനോദ സഞ്ചാര മേഖല അനുവദിച്ചത്.പ്രമുഖ വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റയർ ഇന്റർനാഷണൽ ലോകത്തിലെ തന്നെ മുൻനിര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഗവിയെ ഉൾപെടുത്തിയിട്ടുണ്ട്. ഇതും ഗവിയിലേക്ക് സഞ്ചാരികൾ ഒഴുകി എത്തുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഉറപ്പായും വിനോദ സഞ്ചാരികൾ കണ്ടിരിക്കേണ്ട വിനോദ സഞ്ചാര മേഖല എന്ന പ്രത്യേകതയും ഗവിക്ക് ഉണ്ട്.മുണ്ടക്കയം,കുട്ടിക്കാനം, പീരുമേട്,വണ്ടിപ്പെരിയാർ വഴിയും കോന്നി, തണ്ണിത്തോട്, സീതത്തോട്, ആങ്ങമൂഴി വഴിയും പത്തനംതിട്ട വടശേരിക്കര, സീതത്തോട് വഴിയും ഗവിയിൽഎത്താം.

Eng­lish Sam­mury: Gavi in the rainy season

Exit mobile version