Site iconSite icon Janayugom Online

ഗാസ പകര്‍ച്ചവ്യാധിയുടെ പിടിയില്‍

മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ദുരിതക്കയത്തില്‍ നിന്ന് കരകയറാതെ ഗാസ മുനമ്പ്. ആരോഗ്യസേവനങ്ങളുടെയും അവശ്യ സാധനങ്ങളുടെയും ക്ഷാമത്തെ തുടര്‍ന്ന് ഗാസയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകളായി കുട്ടികളും പ്രായമായവരും മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് മരിച്ചുവീഴുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കിടയിലാണ് വലിയ രീതിയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതെന്ന് അല്‍ അവ്ദ ആശുപത്രിയിലെ ഡോ. അഹമ്മദ് മുഹന്ന പറഞ്ഞു. ക്ഷാമം, പോഷകാഹാരക്കുറവ്, വാക്സിനേഷനുകളടെ അഭാവം എന്നിവ മൂലം പ്രതിരോധ ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസന്‍ ജനതയ്ക്ക് മേലുള്ള കടുത്ത പ്രഹരമാണ് പകര്‍ച്ചവ്യാധികളെന്ന് അല്‍ ഷിഫ ആശുപത്രിയിലെ ഡോ. മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. ഭക്ഷണം, പാര്‍പ്പിടം, കുടുംബം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഓരോ കുട്ടിയ്ക്കും അത്യാവശ്യമായി വേണ്ട അഞ്ച് കാര്യങ്ങളെന്ന് ശിശുരോഗവിദഗ്ധന്‍ ഡോ. തന്യ ഹജ് ഹസന്‍ പറഞ്ഞു. 

ഭക്ഷണമില്ലായ്മ, ബേബി ഫോര്‍മുല ഉള്‍പ്പെടെയുള്ള മരുന്ന് വിതരണത്തിലെ പാളിച്ചകള്‍ എന്നിവയ്ക്കൊപ്പം
ഗാസയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളഴ്‍ ഇല്ലാതായത് സ്വാഭാവികമായ പ്രത്യുല്പാദനത്തെയും ചെറുത്തുനില്പിനേയും ഇല്ലാതാക്കുമെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (പിഎച്ച്ആര്‍) ഉള്‍പ്പെടെയുള്ള സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധകാലത്ത് ഗര്‍ഭം ധരിച്ചതോ അല്ലാത്തതോ ആയ മുഴുവന്‍ സ്ത്രീകളിലും പോഷകാഹാരക്കുറവുണ്ടായെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. ഇന്‍ക്യുബേറ്റര്‍, ഐസിയു ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും യുദ്ധത്തില്‍ തകര്‍ന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പലസ്തീന്‍ ആരോഗ്യരംഗത്തിന് മേല്‍ ഇസ്രയേല്‍ നടത്തുന്ന കയറ്റത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 2023 ഒക്ടോബറിന് ശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നേരിട്ട് കൊല്ലപ്പെട്ടവര്‍ക്ക് പുറമെ മികച്ച ആരോഗ്യസേവനങ്ങള്‍ ലഭിക്കാതെ ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Exit mobile version