ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായുള്ള അന്താരാഷ്ട്ര ഉച്ചകോടി ഇന്ന് ഈജിപ്തിലെ കെയ്‌റോയിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫത്താ അൽ സിസി എന്നിവരുടെ അധ്യക്ഷതയിലാണ് ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് പങ്കെടുക്കും.
ട്രംപിന്റെ 20 ഇന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുൻപായി പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി 20 ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും.
ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗാസ യുദ്ധം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാസയ്ക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. ഹമാസും ഡർമഷ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു പലസ്തീൻ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.

