ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തിയ ഷെല്‍, വ്യോമാക്രമണങ്ങളില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. റാഫ അതിര്‍ത്തിയിലൂടെ രോഗികളെ കടത്തിവിടുന്നതും ഇസ്രയേല്‍ നിര്‍ത്തിവച്ചതായി പലസ്തീന്‍ അറിയിച്ചു. സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വാദം. ഗാസ സിറ്റി, ഖാന്‍ യൂനിസിന്റെ തെക്കന്‍ മേഖല എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. റാഫ അതിര്‍ത്തിയിലൂടെ രോഗികളെ കടത്തിവിടുന്നത് നിര്‍ത്തിയതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥനും വ്യക്തമാക്കി.
18 മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗാസയില്‍ നിന്ന് പുറത്തേക്കുള്ള അതിര്‍ത്തികള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തുറന്നത്. രോഗികള്‍ ആംബുലന്‍സുകളില്‍ അതിര്‍ത്തിക്ക് സമീപം കാത്തുകിടക്കുകയാണെന്നും രോഗികളെ കടത്തിവിടുന്നത് നിര്‍ത്തിയെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. സിഒജിഎടിയെന്ന ഇസ്രയേല്‍ ഏജന്‍സിയാണ് റാഫ അതിര്‍ത്തിയിലൂടെയുള്ള ആളുകളുടെ യാത്ര ക്രമീകരിക്കുന്നത്. അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും രോഗികളുടെ കൈമാറ്റം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് ഏജന്‍സിയുടെ വാദം. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

