Site icon Janayugom Online

ഗീലാനിയുടെ മൃതദേഹം പാകിസ്ഥാന്‍ പതാകയില്‍ പൊതിഞ്ഞു; ജമ്മു പൊലീസ് യുഎപിഎ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കഴിഞ്ഞ ദിവസം അന്തരിച്ച കശ്മീര്‍ വിഘടനവാദി ഗീലാനിയുടെ മൃതദേഹം പാകിസ്ഥാന്‍ പതാകയില്‍ പൊതിഞ്ഞ സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് യുഎപിഎ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുധനാഴ്ച രാത്രിയാണ് ശ്രീനഗറിലെ വസതിയില്‍ വെച്ച് 92കാരനായ ഗീലാനി മരണപ്പെട്ടത്. 

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊലീസ് മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൊലീസ് ഏര്‍പ്പെടുത്തി. ഫോണും ഇന്റര്‍നെറ്റും ഉള്‍പ്പെടെ നിര്‍ത്തലാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഫോണ്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് നവമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇവിടെ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. 

വ്യാഴാഴ്ച രാവിലെ ഗീലാനിയുടെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് ഒരു സംഘം ആളുകള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് ചീഫ് ദില്‍ബാഗ് സിങ് ആരോപിച്ചിരുന്നു. അതേസമയം, പൊലീസ് ബലമായി മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് ഗീലാനിയുടെ മകന്‍ ആരോപിച്ചു. തങ്ങളെ ആരെയും സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്നും മകന്‍ ആരോപിച്ചു. എന്നാല്‍ ഗീലാനിയുടെ ബന്ധുക്കള്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:Geelani’s body wrapped in Pak­istani flag; The Jam­mu and Kash­mir Police reg­is­tered an FIR under the UAPA Act
You may also like this video

Exit mobile version