Site iconSite icon Janayugom Online

മോഡി ഫാസിസ്റ്റെന്ന് ജെമിനി ; ഗൂഗിളിന് നോട്ടീസയക്കാന്‍ ഐടി മന്ത്രാലയം 

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫാസിസ്റ്റ് ആണെന്ന് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ചാറ്റ്ബോട്ട് ജെമിനി. വിഷയത്തില്‍ ഗൂഗിളിന് നോട്ടീസ് അയയ്ക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. നരേന്ദ്രമോഡി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ ചില നയങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ ഫാസിസ്റ്റ് എന്ന് ചിത്രീകരിക്കാറുണ്ട്’ എന്നായിരുന്നു ജെമിനിയുടെ മറുപടി.  എന്നാല്‍ ഉക്രെയ്നിയൻ പ്രസിഡന്റ് വ്ലാഡിമിര്‍ സെലൻസ്കി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെക്കുറിച്ചുള്ള ഇതേ ചോദ്യങ്ങള്‍ക്ക് ചാറ്റ് ബോട്ട് വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്.
ബിജെപിയുടെ ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രം,  മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം,  ഭിന്നസ്വരങ്ങളോടുള്ള സമീപനം എന്നിവ മൂലമാണ് മോഡി ഇത്തരം ആരോപണങ്ങള്‍ നേരിടുന്നതെന്ന് ചാറ്റ്ബോട്ട് പറയുന്നു.  ഈ ഉത്തരത്തിന്റെ സക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. തുടര്‍ന്നാണ് ഗൂഗിളിന് നോട്ടീസ് നല്‍കാന്‍ ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്.
സെലൻസ്കിയെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യം കഠിനമാണെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉള്ളതാണെന്നും ഒറ്റവാക്കില്‍ ഉത്തരം പറയാൻ സാധിക്കില്ല എന്നുമായിരുന്നു ജെമിനിയുടെ പ്രതികരണം. വ്യത്യസ്ത വീക്ഷണത്തോടെ വിഷയത്തെ സമീപിക്കണമെന്നും വിവിധ വശങ്ങള്‍ പരിശോധിക്കണമെന്നുമായിരുന്നു ചാറ്റ് ബോട്ടിന്റെ മറുപടി.  ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പ് എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും ശരിയായ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുക എന്നായിരുന്നു ഉത്തരം.
ജെമിനിയുടെ പ്രതികരണം ഐടി, ക്രിമിനല്‍ നിയമങ്ങളുടെ ലംഘനമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഐടി നിയമം 3(1)(ബി) ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തവണയാണ് ഗൂഗിള്‍ എഐ പക്ഷപാതമുള്ള ഉത്തരങ്ങള്‍ നല്‍കുന്നതെന്ന് ഐടി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ചില വ്യക്തികള്‍ക്കെതിരെ ഇത്തരം ഉത്തരങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരം തൃപ്തികരമല്ലെങ്കില്‍, പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്നും ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം കര്‍ഷകസമരത്തെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമമായ എക്സിനെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
Eng­lish Summary:Gemini calls Modi a fas­cist; IT Min­istry to send notice to Google
You may also like this video
Exit mobile version