Site iconSite icon Janayugom Online

രാഷ്ട്രീയ പ്രതിസന്ധി: നേപ്പാളില്‍ ജെൻ സി പ്രക്ഷോഭം അതിരൂക്ഷം; പാര്‍ലമെന്റ് മന്ദിരത്തിനും സുപ്രീം കോടതിക്കും തീയിട്ടു

നേപ്പാളില്‍ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളും സുപ്രീം കോടതി മന്ദിരവും തീയിട്ട് ജെൻ സി പ്രതിഷേധക്കാര്‍. കത്തിപ്പടര്‍ന്ന പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അടക്കം 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ സൈനിക‑പൊലീസ് നടപടിയില്‍ 19 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു. മതിൽ തകർത്ത് നേപ്പാൾ പാർലമെന്റിൽ കടന്നുകയറിയ പ്രക്ഷോഭകാരികൾ പാർലമെന്റ് കവാടത്തിന് തീയിട്ടു. മന്ത്രിമാരുടെയും മറ്റ് രാഷ്ടീയ നേതാക്കളുടെയും വസതികൾ ആക്രമിക്കപ്പെട്ടു. സുപ്രീം കോടതി ഉൾപ്പെടെ നിരവധി സുപ്രധാന ഓഫിസുകൾക്കും പ്രക്ഷോഭകർ തീയിട്ടു. കാഠ്മണ്ഡുവിന് പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.

പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ, നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യൂബ, ആഭ്യന്തര മന്ത്രി രമേശ് ലേഗഖ്, നേപ്പാൾ മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ജലനാഥ് ഖനാല്‍ എന്നിവരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. നിലവിലെ വിദേശകാര്യ മന്ത്രിയായ അർസു ദ്യൂബ റാണയുടെ ഉടമസ്ഥതയിലുള്ള സ്കൂളും അഗ്നിക്കിരയായി. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ വിഷ്ണു പ്രസാദ് പൗഡല്‍ അടക്കമുള്ളവരെ പ്രതിഷേധക്കാര്‍ തെരുവില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷേർ ബഹാദൂർ ദ്യൂബയ്ക്കും മുന്‍ മന്ത്രി ഏകനാഥ് ധക്കലിനും മര്‍ദനമേറ്റു. മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിന് തീയിട്ടു. അദ്ദേഹത്തിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകറിനെ ജീവനോടെ ചുട്ടുകൊന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ലളിത്പൂരിലെ നാക്കു ജയില്‍ പിടിച്ചെടുത്ത പ്രക്ഷോഭകര്‍ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി ചെയർമാൻ റാബി ലാമിച്ചനെ അടക്കം 1,500 തടവുകാരെ മോചിപ്പിച്ചു.

പ്രതിഷേധം അതിരുവിട്ടതോടെ സമ്മര്‍ദത്തിലായ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രിയോടെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത് സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിരുന്നു. ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ ഇന്നലെ ഉച്ചയോടെ കെ പി ശർമ്മ ഒലി രാജി പ്രഖ്യാപനം നടത്തി. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും രാജ്യം വിട്ടതായും വാര്‍ത്തകളുണ്ട്. വൈകിട്ടോടെ പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവച്ചു. എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെയും (സിപിഎൻ) നേപ്പാളി കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള സഖ്യസർക്കാർ തന്നെയാണ് അധികാരത്തിലുള്ളത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി. എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിശ്ചയിച്ച റൂട്ട് മറികടന്നാണ് അക്രമസംഭവങ്ങളെല്ലാം അരങ്ങേറിയതെന്ന് പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരിലൊരാളായ ഉജെൻ രാജ് ഭണ്ഡാരി പറഞ്ഞു. ചില നിക്ഷിപ്ത ഗ്രൂപ്പുകൾ തങ്ങളുടെ സമാധാനപരമായ മാർച്ച് ഹൈജാക്ക് ചെയ്തതായി സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ അടിയന്തര അഭ്യര്‍ത്ഥനയില്‍ പ്രക്ഷോഭ നേതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകളടക്കം പൊതുസ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി രംഗത്തിറങ്ങിയിരുന്നു. എങ്കിലും അക്രമങ്ങള്‍ തടയാനായില്ല. കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 

Exit mobile version