Site iconSite icon Janayugom Online

ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജി വെച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാനമായ കാഠ്മണ്ഡുവില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

അഴിമതിക്ക് പുറമേ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഈ തീരുമാനത്തിനെതിരെ യുവതലമുറ ‘ജെൻ സി വിപ്ലവം’ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് പിന്നീട് പാർലമെന്റിലേക്ക് വ്യാപിക്കുകയും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ 19 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ഒലി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടെന്നും ദുബായിലേക്ക് പോകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക് അദ്ദേഹം തൻ്റെ ചുമതലകൾ കൈമാറിയതായും സൂചനകളുണ്ടായിരുന്നു. ഒലിയുടെ രാജിയോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version