Site iconSite icon Janayugom Online

ലിംഗ സമത്വം: ഇന്ത്യ പിന്നില്‍

ആഗോള സാമ്പത്തിക ഫോറം പുറത്തിറക്കുന്ന ലിംഗ സമത്വ സൂചികയില്‍ ഇന്ത്യക്ക് 127-ാം റാങ്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു സ്ഥാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തി. 146 രാജ്യങ്ങളുള്ള പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ 135-ാം സ്ഥാനത്തായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1.4 ശതമാനം സ്കോര്‍ രാജ്യം മെച്ചപ്പെടുത്തി. ലിംഗ സമത്വ സൂചികയില്‍ ആകെ 64.3 ശതമാനം സ്കോറാണ് ഇന്ത്യ നേടിയത്. എന്നാല്‍ സ്ത്രീകള്‍കളുടെ സാമ്പത്തിക ഭദ്രത, അവസരങ്ങള്‍ എന്നിവയില്‍ 36.7 ശതമാനം മാത്രമാണ് രാജ്യം നേടിയത്. പാക്കിസ്ഥാൻ 142, ബംഗ്ലാദേശ് 59, ചൈന 107, നേപ്പാള്‍ 116, ശ്രീലങ്ക 115, ഭൂട്ടാൻ 103 എന്നീ റാങ്കുകള്‍ നേടി. 

ഏറ്റവും ലിംഗ സമത്വമുള്ള രാജ്യം ഐസ്‌ലാൻഡ് ആണ്. തുടര്‍ച്ചയായി 14-ാം തവണയാണ് ഐസ്‌ലാൻഡ് ഈ നേട്ടം കൈവരിക്കുന്നത്. ലിംഗ സമത്വത്തില്‍ 90 ശതമാനത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഏക രാജ്യവും ഇതാണ്. സ്ത്രീകള്‍ക്കുള്ള വേതനം, വരുമാനം എന്നിവയില്‍ മുൻ വര്‍ഷത്തെക്കാള്‍ സ്കോര്‍ നേടിയ ഇന്ത്യ സീനിയര്‍, ടെക്നിക്കല്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തില്‍ പിറകിലേക്ക് പോയി. അതേസമയം വിദ്യാഭ്യാസ പ്രവേശനത്തില്‍ രാജ്യം നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 

രാഷ്ട്രീയ ശാക്തീകരണത്തില്‍ 25.3 ശതമാനമാണ് രാജ്യത്തിന്റെ സ്കോര്‍. പാര്‍ലമെന്റിലെ വനിതാ സാന്നിധ്യത്തില്‍ 15.1 ശതമാനമാണ് ഇന്ത്യ നേടിയ സ്കോര്‍. 2006 ല്‍ റിപ്പോര്‍ട്ട് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പാര്‍ലമെന്റിലെ വനിതാ പ്രാധിനിത്യം ഇന്ത്യ നില മെച്ചപ്പെടുത്തിയത്. 2017 മുതലുള്ള കണക്കനുസരിച്ച് 18 രാജ്യങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ സാന്നിധ്യം 40 ശതമാനത്തിന് മുകളിലാണ്. ബൊളീവിയ (50.4 ശതമാനം), ഇന്ത്യ (44.4 ശതമാനം), ഫ്രാൻസ് (42.3ശതമാനം) എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സാന്നിധ്യം. ഒരു ദശാബ്ദത്തിനു ശേഷം പെണ്‍കുട്ടികളുടെ ജനന നിരക്ക് 1.9 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ വിയറ്റ്നാം, അസര്‍ബൈജാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളുടെ ആരോഗ്യം, അതിജീവനം എന്നിവയിലെ നിരക്ക് താഴെയാണ്. ഈ മേഖലയില്‍ ആദ്യ റാങ്കിങ്ങില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ജനന സമയത്തെ ലിംഗ സമത്വനിരക്ക് 94.4 ശതമാനമാണെന്നും ഇന്ത്യയില്‍ ഇത് 92.7 ശതമാനമാണെന്നും വിയറ്റ്നം, ചൈന എന്നിവിടങ്ങളില്‍ 90 ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Eng­lish Summary:Gender equal­i­ty: India lags behind

You may also like this video

Exit mobile version