ഇന്ത്യയില്‍ ലിംഗ അസമത്വം വര്‍ധിക്കുന്നു. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള ലിംഗ സമത്വ സൂചികയില്‍ ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി. 146 രാജ്യങ്ങളുടെ പട്ടികയില്‍ 129-ാമതാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 127-ാം സ്ഥാനത്തായിരുന്നു. രാജ്യത്തെ പുരുഷന്മാര്‍ നൂറ് രൂപ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് 40 രൂപമാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക പങ്കാളിത്തവും അവസരവും, വിദ്യാഭ്യാസം, ആരോഗ്യം, അതിജീവനം, രാഷ്ട്രീയ മുന്നേറ്റം തുടങ്ങിയ നാല് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവര്‍ഷം ആഗോള ലിംഗ സമത്വ സൂചിക തയ്യാറാക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലാന്‍ഡിനാണ്. ഫിന്‍ലാന്‍ഡ്, നോര്‍വെ എന്നിവയാണ് തൊട്ടുപിന്നില്‍.
64.1 ശതമാനമാണ് ഇന്ത്യ ഈ വര്‍ഷം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.17 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യക്കുണ്ടായത്. വിദ്യാഭ്യാസ, രാഷ്ട്രീയ മുന്നേറ്റ ഘടകങ്ങളിലുണ്ടായ പിന്നോട്ടുപോക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതേസമയം സാമ്പത്തിക പങ്കാളിത്തത്തില്‍ നേരിയ മുന്നേറ്റമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗമടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സമത്വത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 39.8 ശതമാനമാണിത്. അതായത് പുരുഷന്മാര്‍ നൂറ് രൂപ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ശരാശരി ലഭിക്കുന്നത് 39.8 രൂപമാത്രമാണ്.
ലിംഗ സമത്വ സൂചികയിലെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശാണ് ഒന്നാമത്. ആഗോളപട്ടികയില്‍ 99 ആണ് ബംഗ്ലാദേശിന്റെ സ്ഥാനം. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവയ്ക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. മാലദ്വീപും പാകിസ്ഥാനും മാത്രമാണ് പട്ടികയില്‍ ഇന്ത്യക്ക് പിന്നിലുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 134 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2158ല്‍ മാത്രമേ ലോകം ലിംഗ സമത്വം ഉറപ്പാക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:Gender inequality has increased in India
You may also like this video