Site icon Janayugom Online

ജനറൽ ബോഗി

നറൽ ബോഗി;
ഉടലുകളുടെ നിബിഢ വനസ്ഥലി,
ആകസ്മിക യാത്രികരുടെ
അഭയ സങ്കേതം.
തിങ്ങുന്ന തിരക്കിൽ
ഇരിപ്പിടം കിട്ടാതെ
നിന്നു കുഴയുന്നവർ
ഒളിച്ചോടുന്ന പ്രണയികൾ,
മരണവീട്ടിലേക്കു പുറപ്പെട്ട
ബന്ധുക്കൾ, സുഹൃത്തുക്കൾ,
ആസ്പത്രിയിലേക്കുള്ള
രോഗികളും കൂട്ടിരിപ്പുകാരും,
അതിർത്തിയിലേക്ക്
യുദ്ധത്തിനു വിളിക്കപ്പെട്ട സൈനികർ.…
ഭിക്ഷാടകർ, സന്യാസിമാർ,
കള്ളന്മാർ, പോക്കറ്റടിക്കാർ,
പെട്ടിപ്പാട്ടുകാർ, തെണ്ടിക്കച്ചവടക്കാർ…
നിലവിളിക്കുന്ന കുഞ്ഞുങ്ങൾ
ഉറക്കം പിടിച്ചു
ചവിട്ടടിയിൽ വീണവർ
ടിക്കറ്റെടുത്തും എടുക്കാതെയും
സമരത്തിനു പോകുന്നവർ
അവരുടെ അലറി വിളിക്കുന്ന
കണ്ഠങ്ങൾ,
ചുളുങ്ങിയ കൊടികൾ. .
തിരസ്കൃതരുടെ റിപ്പബ്ലിക്കിൽ
ഇരിപ്പിടമുറപ്പിച്ചവർക്കു മാത്രമുള്ള
പത്രങ്ങൾ, പുസ്തകങ്ങൾ..
അവർക്കു മാത്രം എഴുതാവുന്ന
കണക്കുകൾ സാഹിത്യങ്ങൾ..
പുറപ്പെട്ടു പോകുന്നവരോടൊപ്പം
മരിച്ചവരും പോകുന്നു
നില തെറ്റി വീണവർ
തള്ളിയിറക്കപ്പെട്ടവർ
അവരുടെ അനാഥമായ ഭാണ്ഡങ്ങൾ
മുഷിഞ്ഞ തൂവാലകൾ
മുറിഞ്ഞ വാക്കുകൾ. 

Exit mobile version