ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച വടക്കന്‍ മേഖലാ പ്രചരണ ജാഥയ്ക്ക് കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നൽകി. കൂത്തുപറമ്പ്, മട്ടന്നൂര്‍, തലപ്പുഴ, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ സ്വീകരണം. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ക്യാപ്റ്റനും എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ സജിലാൽ വൈസ് ക്യാപ്റ്റനും സേവ ജില്ലാ സെക്രട്ടറി ഒ കെ സത്യ മാനേജരുമായുള്ള ജാഥയിൽ ടി കെ രാജൻ, എലിസബത്ത് അസീസി, പി വി തമ്പാൻ, എ എൻ സലിംകുമാർ, ഒ ടി സുരേഷ്, എം ഉണ്ണികൃഷ്ണൻ, പി കൃഷ്ണമ്മാൾ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ജാഥ ഇന്ന് കോഴിക്കോട് ജില്ലയിലാണ്.
മധ്യമേഖലാ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ക്യാപ്റ്റനും സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ വൈസ് ക്യാപ്റ്റനും ടിയുസിഐ സംസ്ഥാന സെക്രട്ടറി അഡ്വ. ടി ബി മിനി മാനേജറുമായ ജാഥ ചാവക്കാട് നിന്ന് ആരംഭിച്ച് മുണ്ടൂര്‍, തൃശൂര്‍ തെക്കേ ഗോപുരനട, കൊടകര, ചേര്‍പ്പ് സ്വീകരണങ്ങള്‍ക്കു ശേഷം കൊടുങ്ങല്ലൂരില്‍ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ജില്ലാ സെക്രട്ടറി യു പി ജോസഫ്, കണ്‍വീനര്‍ കെ ജിശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് എറണാകുളം ജില്ലയിലാണ് പര്യടനം നടത്തുന്നത്.
തെക്കന്‍മേഖലാ ജാഥയ്ക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തിരുവല്ല, റാന്നി, കോന്നി, പത്തനംതിട്ട കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം അടൂരില്‍ ഇന്നലത്തെ പര്യടനം സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ, വൈസ് ക്യാപ്റ്റന്‍ എച്ച് എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജാഥാ മാനേജര്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം നടത്തും.
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, എല്ലാ സംഘടിത കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, പൊതുമേഖലാ ഓഹരി വില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പൊതു പണിമുടക്ക്.

