Site iconSite icon Janayugom Online

ജര്‍മന്‍ രുചിക്കൂട്ടൊരുക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റ്

food festivalfood festival

പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ 45 ഇന ജര്‍മന്‍ വിഭവങ്ങളുടെ പ്രദര്‍ശനം കാര്‍ണിവല്‍ 2022 വ്യത്യസ്തമായി. കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപന വേളയിലാണ് വ്യത്യസ്തമായ രൂചിക്കൂട്ടൊരുക്കിയത്.
പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022ല്‍ വിവിധയിനം പഴങ്ങള്‍ ചേര്‍ന്ന പേസ്ട്രികള്‍, കേക്കുകള്‍, ബ്രഡുകള്‍, ഐസ്‌ക്രീം തുടങ്ങി സോസേജുകള്‍, ബീഫ്, ചിക്കന്‍, സാല്‍മണ്‍ മത്സ്യം കൊണ്ടുള്ള സാലഡ്, ഉരുളക്കിഴങ്ങ്, വിവിധയിനം കൂണുകള്‍, കാബേജ് എന്നിവ ചേര്‍ത്തുള്ള വിഭവങ്ങളാണ് ഒരുക്കിയത്. ബ്രോട്ട്, മൊയിറ്റോസ്, മീറ്റ് ബാള്‍സ്, സാല്‍മന്‍സ്റ്റു, പന്നാക്കോട്ട, ലാബ്‌സ്‌കോസ്, ലമണ്‍ സോസ്, യോഗര്‍ട്ട്, ആപ്പിള്‍ പാന്‍കേക്ക്, ബട്ടര്‍ ക്രീം പാസ്റ്റി, ബ്രൗണി വിത്ത് നട്ട്‌സ്, ബാവറൈന്‍ ക്രീം, ബീഫ് റുളാഡന്‍, വൂസ്റ്റ്, ഡോയ്ഷ്‌ലര്‍ മില്‍ശ് റൈസ്… കേരളത്തിന് തീരെ പരിചിതമല്ലാത്ത പേരും രുചിയും ഹാളില്‍ അണി നിരന്നു. ജര്‍മനിയില്‍ തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന കിന്റര്‍ പുന്‍ഷ് എന്ന പാനീയം നല്‍കി പരിപാടിക്കെത്തിയവരെ സ്വീകരിച്ചു. മഅദിന്‍ ജര്‍മന്‍ ഡോയ്ഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ആരംഭിച്ച ജര്‍മന്‍ ഭാഷാ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. 2016 മുതല്‍ മഅ്ദിനില്‍ ജര്‍മന്‍ പഠിക്കാന്‍ അവസരമുണ്ട്. ജര്‍മന്‍ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് എ വണ്‍ ലെവലില്‍ ജര്‍മനിയിലെ ഭക്ഷണവിഭവങ്ങളെ കുറിച്ചും സംസ്‌കാരങ്ങളെ കുറിച്ചുമാണ് പഠന വിഷയമാകുന്നത്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മഅദിന്‍ ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ജര്‍മന്‍ വിഭവങ്ങളെ പരിചയപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ജോലി, പഠനാവശ്യാര്‍ഥം ജര്‍മനിലേക്ക് പോകുന്നവര്‍ക്ക് അവിടുത്തെ ഭക്ഷണം പൊരുത്തപ്പെട്ടു പോവാന്‍ പ്രയാസമില്ലെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഫുഡ് കാര്‍ണിവലിന്റെ പ്രധാന ലക്ഷ്യം. ഉമര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, സെക്രട്ടറി സി വി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Ger­man food festival 

You may like this video also

Exit mobile version