Site iconSite icon Janayugom Online

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഗാസിയാബാദ്; മലിനീകരണം കുറഞ്ഞ നഗരങ്ങളിൽ തിരുവനന്തപുരവും

ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആന്റ് ക്ലീൻ എയർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ അന്തരീക്ഷ നില. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, ഗാസിയാബാദ്, ഹരിയാനയിലെ നോയ്ഡ (രണ്ട്), ബഹദുർഗഡ് (മൂന്ന്) എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് രാജ്യതലസ്ഥാനമായ ഡൽഹി. ഏറ്റവും മലിനീകരിക്കപ്പെട്ട പത്ത് നഗരങ്ങളിൽ ആറും ഉത്തർ പ്രദേശിൽ നിന്നും മൂന്ന് നഗരങ്ങൾ ഹരിയാനയിൽ നിന്നുമാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് നവംബറിൽ ഈ നഗരങ്ങളിലെ അന്തരീക്ഷ നിലവാരം. 

ഗാസിയാബാദിൽ അന്തരീക്ഷ മലിനീകരണം സൂചിപ്പിക്കുന്ന പി എം 2.5 ഒരു ക്യൂബിക് മീറ്ററിന് 224 മൈക്രോഗ്രാം ആണ്. ഡൽഹിയിൽ ഇത് ക്യൂബിക് മീറ്ററിന് 215 മൈക്രോഗ്രാം ആണ്. ഏറ്റവും കൂടുതൽ മലിനീകരണ ഭീഷണിയുള്ള നഗരങ്ങളുള്ള സംസ്ഥാനം എന്ന റെക്കോഡ് രാജസ്ഥാനാണ്. അവിടുത്തെ 34 നഗരങ്ങളിൽ 23‑ഉം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. അതേസമയം, മലിനീകരണം കുറഞ്ഞ ക്ലീൻ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഇടം പിടിച്ചു. രാജ്യത്തെ മലിനീകരണം കുറഞ്ഞ പത്ത് നഗരങ്ങളിൽ ആറും കർണാടകയിൽ നിന്നാണ്. മേഘാലയയിലെ ഷില്ലോങ് ആണ് രാജ്യത്തെ ഏറ്റവും മികച്ച ക്ലീൻ സിറ്റി (പി എം 2.5 ശരാശരി 7 മൈക്രോഗ്രാം). ഈ പട്ടികയിൽ തിരുവനന്തപുരം ഏഴാം സ്ഥാനത്താണ് (പി എം 2.5 ശരാശരി 20 മൈക്രോ ഗ്രാം).

Exit mobile version