Site iconSite icon Janayugom Online

ഗുലാംനബി ആസാദും, ആനന്ദശര്‍മ്മയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം; പാര്‍ട്ടി കേന്ദ്രങ്ങള്‍ ‍ആശങ്കയില്‍

കോണ്‍ഗ്രസില്‍ സോണിയകുടുംബം പിടിമുറുക്കിയതോടെ ജി23 അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമാകുന്നു. രാജസ്ഥാനില്‍ നടന്ന പാര്‍ട്ടി ശിബിരം പോലും രാഹുലിനേയും, പ്രിയങ്കയുടേയും നേതൃത്വം അംഗീകരിക്കുന്നതിനപ്പുറമൊന്നും നടന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നിലാകുന്നു. ജനപ്രിയ നേതാക്കളുടെ അഭാവവും പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുന്നു. ഇതിനിടയിലാണ് മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നു.

വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് ആനന്ദ് ശര്‍മ്മ തള്ളിയെങ്കിലും ആശയ വിനിമയം നടന്നതായാണ് വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുമ്പോഴും സൗഹൃദത്തിന്റെ വഴികളടയില്ലെന്ന ന്യായീകരണമാണ് ആനന്ദ് ശര്‍മ്മ കഴിഞ്ഞ ദിവസം നടത്തിയത്. നവംബറില്‍ നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയാല്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശര്‍മ്മയെ അവതരിപ്പിക്കാനാണ് ബിജെപിയും ആലോചിക്കുന്നത്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ ഗുലാം നബി ആസാദും കളംമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നല്ല ബന്ധം സ്ഥാപിക്കുന്നനേതാവാണ് ഗുലാംനബി ആസാദ്.

രാജ്യസഭയില്‍ അദ്ദേഹത്തിന്‍റെ കാലവധി കഴിഞ്ഞു പിരിയുന്ന വേളയില്‍ പ്രധാനമന്ത്രി വികാരാധീനനായി സംസാരിച്ചതും അന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്കിരുന്നു. ബിജെപി പ്രസിഡന്‍റ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ പ്രാദേശിക വാദം ഉയര്‍ത്തിയാണ് ആനന്ദ് ശര്‍മ്മ നേരിട്ടതെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഹിമാചല്‍ സ്വദേശികളാണെന്നും സൗഹൃദത്തില്‍ എന്താണ് തെറ്റെന്നുമുള്ള ശര്‍മ്മയുടെ പ്രതികരണം കരുതലോടെയുള്ളതാണ്. കശ്മീര്‍ കേന്ദ്രീകരിച്ച് ചെറിയ പാര്‍ട്ടികളുമായി ഗുലാം നബി ആസാദും ചര്‍ച്ചകളിലാണ്. ശര്‍മ്മയും, ഗുലാം നബി ആസാദും കളം മാറിയേക്കുമെന്ന അഭ്യൂഹത്തെ കോണ്‍ഗ്രസ് നേതൃത്വവും തള്ളുന്നില്ല. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ആനന്ദ് ശര്‍മ്മയും, ഗുലാം നബി ആസാദും വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ്. രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധങ്ങളില്‍ നിന്ന് ഇരുനേതാക്കളും അകലം പാലിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

രാഹുലിന് അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഒഴിഞ്ഞുമാറി. പരസ്പരം ചര്‍ച്ച വേണ്ടെന്ന് ഇരുകൂട്ടരും നിലപാടെടുക്കുന്നതോടെ നിര്‍ണ്ണായകമായ നീക്കങ്ങളാകും വരാനിരിക്കുന്ന ദിവസങ്ങളില്‍ നടക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി വിമത ശബ്ദം ഉയര്‍ത്തിയ ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പ്രധാനവ്യക്തിയാണ് ആനന്ദശര്‍മ്മഇതേ ഗ്രൂപ്പിലുണ്ടായിരുന്ന കപില്‍ സിബല്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായി പരിഗണിച്ചിരുന്ന പലരും പാര്‍ട്ടി വിട്ടു. ജ്യോതിരാദിത്യ സിന്ധ്യയും ടോം വടക്കനും ജിതിന്‍ പ്രസാദയുമെല്ലാം ഇന്ന് ബിജെപിയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നത്

കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും ബിജെപിയുടെ നിശിത വിമര്‍ശകനുമാണ് ആനന്ദ് ശര്‍മ. അദ്ദേഹത്തിന്റെ കളംമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയാക്കിയത് പുതിയ കൂടിക്കാഴ്ചയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായിട്ടാണ് ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തിയത്. ജെപി നദ്ദ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ മാത്രമല്ല, ഞങ്ങള്‍ ഒരേ സംസ്ഥാനത്ത് നിന്നുള്ളവര്‍ കൂടിയാണ്. എനിക്ക് അദ്ദേഹത്തെ കാണുന്നതിന് യാതൊരു തടസവുമില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം വ്യക്തിപരമായ വിദ്വേഷമാക്കുന്ന ആളല്ല ഞാന്‍. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മുഖം നല്‍കരുതെന്നും ആനന്ദ് ശര്‍മ പറയുന്നുഎനിക്ക് ജെപി നദ്ദയെ കാണണമെന്നുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് പോകും. അതില്‍ എന്താണ് വലിയ വിവാദം. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ആശയപരമായി എതിര്‍പക്ഷത്താണ്. അതുകൊണ്ട് വ്യക്തപരമായി യാതൊരു പ്രശ്‌നങ്ങളും ഞങ്ങള്‍ക്കിടയിലില്ലെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകീട്ടാണ് ജെപി നദ്ദയെ ആനന്ദ് ശര്‍മ കണ്ടത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച അല്‍പ്പ നേരം നീണ്ടു. ഇതോടെയാണ് ആനന്ദ് ശര്‍മ ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ വന്നത്. രണ്ടു നേതാക്കളും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ്. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് അങ്കം.പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ജി23 ഗ്രൂപ്പില്‍ അംഗമാണ് ആനന്ദ് ശര്‍മ. പാര്‍ട്ടിക്ക് ശക്തനായ നേതാവ് വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. രണ്ടു കാര്യങ്ങള്‍ ജെപി നദ്ദയുമായി ആനന്ദ് ശര്‍മ ചര്‍ച്ച ചെയ്തുവെന്നാണ് വാര്‍ത്തകള്‍ വന്നത്.

ഒന്ന് ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുന്ന കാര്യം, മറ്റൊന്ന് ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ സാഹചര്യം. . മധ്യപ്രദേശില്‍ നിന്നുള്ള ജ്യോദിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം അടിയുറച്ച് നിന്നിരുന്ന കോണ്‍ഗ്രസിന്റെ മറ്റൊരു യുവ മുഖമായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജിതിന്‍ പ്രസാദ. ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ യോഗി സര്‍ക്കാരിലെ മന്ത്രിയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങും ഇന്ന് ബിജെപിയുമായി സഹകരിച്ചാണ് പോകുന്നത്. അദ്ദേഹം പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുവാനുള്ള തയ്യാറെടുപ്പിലാണ്

Eng­lish Sum­ma­ry: Ghu­lamnabi Azad and Anan­da Shar­ma are rumored to leave the Con­gress; Par­ty cen­ters are worried

You may also like this video:

Exit mobile version