Site iconSite icon Janayugom Online

സൂരജ്കുണ്ഡ് മേളയിൽ അപകടം: ഭീമൻ ഊഞ്ഞാൽ തകർന്നു വീണു; പൊലീസുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന പ്രശസ്തമായ സൂരജ്‍ക്കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം. കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. 

ഭീമൻ യന്ത്ര ഊഞ്ഞാൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസുകാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മേളയിലെ മറ്റ് യന്ത്ര ഊഞ്ഞാലുകളുടെയും വിനോദ ഉപകരണങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

Exit mobile version