Site iconSite icon Janayugom Online

അരൂർ ‑തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂർ‑തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനിടെ എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ തകർന്ന് വീണ് അപകടം. ഗർഡറിനടിയിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ്(48) മരിച്ചു. പുലർച്ചെ 2.30-ഓടെയായിരുന്നു അപകടം. ഡ്രൈവറുടെ ഭാഗത്തേക്ക് ഗർഡറുകൾ തകർന്ന് വീണതാണ് അപകടത്തിൻ്റെ തീവ്രത കൂട്ടിയത്.
ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ഹൈഡ്രോളിക് ജാക്കിയിൽ നിന്ന് തെന്നിമാറി നിലം പതിച്ചതാണ് അപകടത്തിന് കാരണമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ പ്രാഥമിക നിഗമനം. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല.

ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശീയപാതാ അതോറിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മുട്ടക്കയറ്റി വന്നതായിരുന്നു രാജേഷ്. അപകടം നടന്നതിന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഗർഡർ പതിച്ച് വാഹനത്തിൻ്റെ കാബിൻ പൂർണമായി തകർന്നുപോയിരുന്നു. ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറിൻ്റെ ഒരു ഭാഗം ഉയർത്തിയാണ് വാഹനം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്‌സറേ ജംഗ്ഷനിൽ നിന്ന് വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകാനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റിലും മാർച്ചിലുമായി ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ തകർന്നിരുന്നു.

Exit mobile version