Site iconSite icon Janayugom Online

ഗിരീഷിന്റെ തൊടിയില്‍ വിളയുന്നത് പത്ത് ഇനങ്ങളിലുളള ഡ്രാഗൺ ഫ്രൂട്ടുകള്‍

dragondragon

പാറപ്പുറം അങ്ങനെ തരിശിടാന്‍ ഗിരീഷ് ഒരുക്കമല്ല… എന്തെങ്കിലും കൃഷി ചെയ്തേ മതിയാകുവെന്ന ദൃഡനിശ്ചയമെടുത്തപ്പോള്‍ എന്തുചെയ്യണമെന്നായി.. അങ്ങനെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെപ്പറ്റി പഠിക്കുവാന്‍ തുടങ്ങിയത് . മണ്ണായം കുറഞ്ഞ പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്ട് സുഗമമായി വളരും എന്നു മനസിലാക്കിയ കോട്ടാങ്ങല്‍ പേരകത്ത് വീട്ടില്‍ ഗിരീഷ് പിന്നീട് ഒന്നും ചിന്തിച്ചില്ല തന്റെ കൃഷിയിടത്തിൽ ഒരുഭാഗത്ത് 25 കാലുകളിലായി 100 മൂട് ഡ്രാഗൺ ഫ്രൂട്ടു നട്ടു പിടിപ്പിച്ചു. നല്ല വിളവ് ലഭിച്ചതോടെ കൃഷി പിന്നീട് വ്യാപിക്കാന്‍ തീരുമാനിച്ചു ഇപ്പോൾ ആരയേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നത്. പാരമ്പര്യ കർഷകനായ ഇദ്ദേഹത്തിന്റെ തൊടിയിൽ ഈ ഫലത്തിന്റെ പത്തിനങ്ങളാണുള്ളത്. റോയൽ റോസ്, അമേരിക്കൻ കോൺഡോർ, ബ്യൂട്ടി ഗോസില്ല, വിയറ്റ്നാം നോറിച്ച, കോസി റോസി ഇങ്ങനെ നീളുന്നു പട്ടിക. കൃത്യമായ പരിപാലിച്ചാൽ 6 മുതൽ 10 മാസം കൊണ്ട് ഇത് വിളവെത്തുമെന്നാണ് ഈ കർഷകൻ പറയുന്നത്.

ചെടി പുഷ്പിച്ചാൽ 30 മുതൽ 45 ദിവസത്തിനകം കായ് വിളവെത്തും. പാറ നിറഞ്ഞ സ്ഥലത്ത് പുരയിടത്തിലെ മറ്റിടങ്ങളിൽ നിന്ന് മണ്ണെത്തിച്ച് ചെറു തട്ടുകളായി തിരിച്ച് കോൺക്രീറ്റു തൂണുകൾ സ്ഥാപിച്ച് അതിന് ചുറ്റും നാലുമൂടുകൾ വീതം നട്ട്, വള്ളികൾ മുളിലേക്ക് കയറ്റി ഇരുമ്പ് കമ്പിയിലൂടെ താഴേക്ക് പടർത്തിയാണ് വിളപരിപാലനം. ജൈവകൃഷിരീതിയിൽ ബയോഗ്യാസിന്റെ ഉപോൽപന്നമായ സ്ലറിയും ഒപ്പം ചാണകപ്പൊടിയുമാണ് വളപ്രയോഗം. ആയിരം കിലോയിലധികം ഇപ്പോൾ വിപണനം നടത്തി. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ പടുതാക്കുളം സജ്ജമാക്കിയാണ് ജലവിതാനം ഒരുക്കുന്നത്. ഇവിടെ വിളവിറക്കുന്നതു മുതൽ വിപണനം വരെയും കർഷകൻ നേരിട്ടാണ്.

വിദേശയിനം ഫലവർഗങ്ങിൽ ഇതുമാത്രമല്ല ഇവിടെയുള്ളത് അവക്കാഡോ അടക്കമുള്ളവയും ഉണ്ട്. പച്ചക്കറിക്കൃഷിയും മരച്ചീനിയും ചേമ്പും ചേനയുമടക്കമുള്ളവ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിൽ നിലംപരിശായതോടെയാണ് ഈ രംഗത്തേക്ക് പൂർ‍ണമായി വഴിമാറിയത്. മുന്തിയയിനം ഇനം പ്ലാവുകളും മാവുകളും മറ്റുചെടികളിലും ഗ്രാഫ്റ്റിങ്ങും ബഡ്ഡിങ്ങും നടത്തി കൂടുതൽ ഉൽപ്പാദനക്ഷമതയും ആയുസ്സ് ദൈർഘ്യം വർധിപ്പിക്കുന്ന പ്രവൃത്തികളിലും അഗ്രഗണ്യനാണ് കൃഷിയെ മാത്രം സ്നേഹിക്കുന്ന ഈ കർഷകൻ.

You may also like this video

Exit mobile version