Site iconSite icon Janayugom Online

ആഗോള അയ്യപ്പസംഗമം: ആരും രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളോട് പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. അയ്യപ്പസംഗമത്തിൽ ആരും രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസാരിക്കുന്നവരെ ബോധ്യപ്പെടുത്താൻ ആകില്ല. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനേയും ക്ഷണിക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ മന്ത്രി വിമർശിച്ചു.മഞ്ഞപ്പിത്തം ബാധിച്ചവരുടെ തലയിൽ എപ്പോഴും മഞ്ഞപ്പ് ആയിരിക്കും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. തികച്ചും അയ്യപ്പഭക്തന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ്.

എല്ലാ മുന്നണിയിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതിൽ എവിടെയാണ് രാഷ്ട്രീയമെന്ന് മന്ത്രി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ കാണാൻ കൂട്ടാക്കാത്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടിയെയും അദേഹം വിമർശിച്ചു. ആതിഥേയ മര്യാദ അവരവർ കാണിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. അത് വ്യക്തിത്വത്തിന്റെ പ്രശ്നമാണ്. സമയം ചോദിച്ചാണ് കാണാൻ പോയത്. ആ മാന്യത അദ്ദേഹം പുലർത്തേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

അയ്യപ്പ സംഗമത്തിന് യുവതി പ്രവേശന നിലപാട് വിഷയമല്ലെന്ന് മന്ത്രി പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് തന്നെയാണ് പരിപാടി നടത്തുന്നത്. അതിൽ വിവാദമാക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതിയുടെ മുമ്പാകെ റിവ്യൂ പെറ്റീഷൻ നിൽക്കുന്ന വിഷയമാണെന്നും അതിൽ ഒരുതരത്തിലുള്ള ചർച്ചയുടെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. യഥാർത്ഥ ഭക്തരുടെ പേരിലുള്ള കേസുകൾ സർക്കാർ പിൻവലിച്ചു. ക്രിമിനൽ സ്വഭാവത്തിലുള്ള കേസുകളാണ് ഉള്ളത്. അത് കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കാൻ കഴിയില്ല. കുറേയധികം കേസുകൾ സർക്കാർ പിൻവലിച്ചിരുന്നു മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Exit mobile version