Site iconSite icon Janayugom Online

ആഗോള കോവിഡ് വ്യാപനം റെക്കോഡില്‍

omicronomicron

ഒമിക്രോണ്‍ വകഭേദം പിടിമുറുക്കുന്നു. ആഗോളതലത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. 14.40 ലക്ഷം കോവിഡ് കേസുകളാണ് ഇന്നലെ മാത്രം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ ഉയരുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 700 കടന്നു.

കോവി‍ഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിച്ചതോടെ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളുടെ ഒരാഴ്ചത്തെ ശരാശരി 8,41,000 ആയും ഉയര്‍ന്നു. 49 ശതമാനം വര്‍ധനവാണ് കോവിഡ് ബാധയില്‍ ഉണ്ടായത്. നിലവില്‍ 108 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

ഫ്രാന്‍സില്‍ മാത്രം ഒരു ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,000 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വാക്‌സിന്റെ രണ്ടാമത്തെ ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള, നാലാഴ്ചയില്‍ നിന്ന് മൂന്നാഴ്ചയായി കുറച്ചിരുന്നു. ഇംഗ്ലണ്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 74 ശതമാനമായി വര്‍ധിച്ച് ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

യുഎസില്‍ കഴിഞ്ഞ ആഴ്ചയിൽ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ ശരാശരി 1.90 ലക്ഷമായി ഉയർന്നിട്ടുണ്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ കണക്കനുസരിച്ച് രാജ്യത്ത് പുതിയ കേസുകളിൽ 76 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡല്‍ഹിയിലും മുംബൈയിലും കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 50 ശതമാനവും മുംബൈയില്‍ 70 ശതമാനവും വര്‍ധന പ്രതിദിന വ്യാപനത്തില്‍ രേഖപ്പെടുത്തി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലുണ്ടായ രണ്ടാംതരംഗത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയിലാണ് രാജ്യത്ത് രോഗം പടരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി വീണ്ടും അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തലസ്ഥാനനഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി.

തീയേറ്റര്‍, സ്വിമ്മിങ് പൂള്‍, ജിം എന്നിവ അടച്ചിടും. സ്‌കൂളുകളും കോളജുകളും തുറക്കില്ല. മെട്രോയില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. മാളുകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനാനുമതി. കല്യാണം, മരണം എന്നീ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. രാഷ്ട്രീയം, മതം, കല, തുടങ്ങിയ മറ്റ് പരിപാടികൾക്ക് പൂർണമായ വിലക്കേർപ്പെടുത്തി. ഓട്ടോറിക്ഷകളിലും കാറുകളിലും രണ്ട് പേർക്ക് മാത്രമെ യാത്ര അനുവദിച്ചിട്ടുള്ളൂ.

മൂന്നാം തരംഗം നേരിടാനായി ഡൽഹി സർക്കാർ 10 മടങ്ങ് അധികം തയ്യാറെടുത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടര്‍ച്ചയായി കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം 331 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 165 പേര്‍ക്ക് ഇതിനോടകം ഡല്‍ഹിയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Glob­al covid expan­sion on record

You may like this video also

Exit mobile version