Site iconSite icon Janayugom Online

ആഗോള സാമ്പത്തിക ഉച്ചകോടിക്ക് ഇന്ന് തുടക്കം

WEFWEF

മാന്ദ്യ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക ഉച്ചകോടിക്ക് ഇന്ന് തുടക്കം. സ്വിറ്റ്സർലൻഡിലെ റിസോർട്ട് നഗരമായ ദാവോസില്‍ 20 വരെയാണ് 53-ാമത് ആഗോള സാമ്പത്തിക ഉച്ചകോടി നടക്കുക. കോവിഡ് സാഹചര്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ ക്ഷാമം, ഊർജ പ്രതിസന്ധി, ഉക്രെയ്ൻ സംഘർഷം, വൻശക്തി രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വളർച്ചാ മാന്ദ്യത്തിന്റെ വ്യാപ്​തി ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ജിഏഴ് രാജ്യങ്ങളില്‍ നിന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മാത്രമാണ് ഉച്ചകോടിക്കെത്തുക. യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് നേരിട്ടും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി വീഡിയോ കോണ്‍ഫറന്‍സിലൂടെയും പങ്കെടുക്കും. ഉക്രെയ്ന്‍ പ്രതിനിധി സംഘം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല. തൊഴില്‍ വകുപ്പ് സെക്രട്ടറി മാര്‍ട്ടി വാള്‍ഷ്, വ്യാപാര മേഖലയില്‍ നിന്ന് കാതറിന്‍ ടൈ, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെ എന്നിവരാണ് യുഎസിനെ പ്രതിനിധീകരിക്കുക. ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹി പങ്കെടുക്കും. തായ്‌വാന്‍, യുഎസ് രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ പ്രാതിനിധ്യം ശ്രദ്ധിക്കപ്പെടും. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, ഗ്രീസ്, സ്പെയിന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍‍ഡ് തലവന്മാരും ഉച്ചകോടിയുടെ ഭാഗമാകും. റഷ്യ ഉച്ചകോടിയുടെ ഭാഗമായേക്കില്ല. ഉക്രെയ്ന്‍ സംഘര്‍ഷത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യന്‍ വ്യവസായികള്‍ വിട്ടുനില്‍ക്കും. കേന്ദ്രമന്ത്രിമാരായ അശ്വിനി വെെഷ്ണവ്, മന്‍സൂക് മാണ്ഡവ്യ, സ്‌മൃതി ഇറാനി, ആര്‍ കെ സിങ്, മുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, ബസവരാജ് ബൊമ്മെ, ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യവസായരംഗത്തുനിന്നും നടരാജ് ചന്ദ്രശേഖരന്‍, രാജേഷ് ഗോപിനാഥ്, റിഷാദ് പ്രേംജി, സി പി ഗുര്‍നാനി, ബെെജു രവീന്ദ്രന്‍, വിജയ് ശേഖര്‍ ശര്‍മ്മ, അഡാര്‍ പൂനെവാല, ദിനേഷ് കുമാര്‍ ഖരെ എന്നിവര്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: Glob­al Eco­nom­ic Sum­mit from today

You may also like this video

Exit mobile version