Site iconSite icon Janayugom Online

ആഗോള മാന്ദ്യം: ഐഐടി,ഐഐഎം കാമ്പസ് സെലക്ഷന്‍ കുറഞ്ഞു

IITIIT

ആഗോള മാന്ദ്യം ഐഐടി, ഐഐഎം വിദ്യാര്‍ത്ഥികളെയും ബാധിച്ചു. വന്‍കിടകമ്പനികളിലേക്കുള്ള കാമ്പസ് സെലക്ഷന്‍ കുറഞ്ഞു.
ബോംബെ ഐഐടിയിലെ 25 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ചില്ല. 10 പേര്‍ക്ക് നാല് ലക്ഷം രൂപ വാര്‍ഷിക പാക്കേജിലാണ് ജോലി കിട്ടിയതെന്നും 2023–24 അധ്യയന വര്‍ഷത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ നിയമന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാഗ്ദാനം ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പളം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 21.8 ലക്ഷമായിരുന്നത്, ഇത്തവണ 23.5 ലക്ഷമായി. 7.7 ശതമാനം വര്‍ധന. ഐഐടി ബോംബെയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ എണ്ണം 12 ശതമാനം വര്‍ധിച്ചു.

123 കമ്പനികളില്‍ നിന്നായി പ്രതിവര്‍ഷം 20 ലക്ഷം രൂപയിലധികം ലഭിക്കുന്ന 550ലധികം ജോലികള്‍ വാഗ്ദാനം ചെയ‍്തിട്ടുണ്ട്. ജോലികളില്‍ 22 എണ്ണം ഒരു കോടിയിലധികം ശമ്പളം ലഭിക്കുന്നതാണ്. 78 എണ്ണം രാജ്യാന്തരതലത്തിലുള്ളതാണ്. 230 എണ്ണത്തിന് 16.75 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് വാര്‍ഷിക പാക്കേജ്. കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി കിട്ടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇക്കൊല്ലം 75 ശതമാനമാണ് ജോലി ലഭിച്ചവരുടെ നിരക്ക്. കഴിഞ്ഞ തവണയത് 82 ആയിരുന്നു. 15 ശതമാനം പേര്‍ സ്വന്തംനിലയില്‍ ജോലി കണ്ടെത്തി. രജിസ്റ്റര്‍ ചെയ‍്ത 1,979 വിദ്യാര്‍ത്ഥികളില്‍ 1,650 പേര്‍ക്ക് മാത്രമാണ് കമ്പനികള്‍ ജോലി വാഗ്ദാനം ചെയ‍്തത്. അതില്‍ 1,475 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ഏറ്റവും കുറഞ്ഞ ശമ്പള പാക്കേജ് നാല് ലക്ഷം രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷമിത് ആറ് ലക്ഷമായിരുന്നു. 

സാമ്പത്തിക സാങ്കേതിക, ബാങ്കിങ് കമ്പനികളാണ് പ്രധാനമായും റിക്രൂട്ട്മെന്റ് നടത്തിയത്. സാമ്പത്തിക മേഖലയിലെ 33 കമ്പനികള്‍ 113 തൊഴിലവസരങ്ങളാണ് ഒരുക്കിയത്. അതേസമയം കണ്‍സള്‍ട്ടിങ് മേഖലയിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞു. 29 സ്ഥാപനങ്ങള്‍ 117 തസ‍്തികകളിലേക്കാണ് നിയമനം നടത്തിയത്. വിദ്യാഭ്യാസ മേഖലയിലെ കമ്പനികള്‍ 30 ജോലികളാണ് വാഗ്ദാനം ചെയ്തത്. 36 ഗവേഷണ‑വികസന സ്ഥാപനങ്ങള്‍ 97 അവസരങ്ങളും മുന്നോട്ടുവച്ചു. 118 ഗവേഷക വിദ്യാര്‍ത്ഥികളില്‍ 32 പേര്‍ക്ക് നിയമനം ലഭിച്ചു. നിര്‍മ്മിതബുദ്ധി, പ്രോഡക‍്ട് മാനേജ്മെന്റ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ് മേഖലകളിലെ കമ്പനികളും റിക്രൂട്ട്മെന്റ് നടത്തി. ബോംബെ ഐഐടിയില്‍ രജിസ്റ്റര്‍ ചെയ‍്ത 543 കമ്പനികളില്‍ 388 എണ്ണം റിക്രൂട്ട്മെന്റിന് എത്തുകയും 364 സ്ഥാപനങ്ങള്‍ ജോലി വാഗ്ദാനം നല്‍കുകയും ചെയ‍്തു.

15 ലക്ഷം എന്‍ജിനീയറിങ് ബിരുദധാരികളില്‍ പകുതിപേരെ ഈ വര്‍ഷം തൊഴില്‍ പ്രതിസന്ധി ബാധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും കാമ്പസ് റിക്രൂട്ട്മെന്റ് വെല്ലുവിളി നേരിടുകയാണെന്നും അവര്‍ പറയുന്നു. ആഗോളമാന്ദ്യം മാത്രമല്ല കോവിഡിന് ശേഷമുള്ള പ്രതിസന്ധികളും തൊഴില്‍ മേഖലയെ ബാധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

Exit mobile version