Site iconSite icon Janayugom Online

ആഗോളമാന്ദ്യ മുന്നറിയിപ്പ് ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട്

ലോകം പ്രതീക്ഷകളോടെ കാലെടുത്തുവച്ച പുതുവര്‍ഷം ആരംഭിച്ചിട്ട് നാലാം ദിനത്തിലെത്തിയിട്ടേയുള്ളൂ. എല്ലായ്പോഴും പ്രതീക്ഷകളോടെ തന്നെയാണ് ഓരോ വര്‍ഷത്തെയും ലോകജനത സ്വീകരിക്കാറുള്ളത്. എന്നാല്‍ പുതിയ വര്‍ഷം വലിയൊരു മാന്ദ്യത്തിന്റെതായിരിക്കുമെന്ന ആശങ്കാജനകമായ മുന്നറിയിപ്പുകളാണ് ആഗോള സാമ്പത്തിക സംഘടനകളില്‍ നിന്നും വിലയിരുത്തല്‍ ഏജന്‍സികളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 22നാണ് സെന്റർ ഫോർ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസർച്ചി(സിഇബിആർ)ന്റെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. നിലവിലുള്ള സാഹചര്യങ്ങളും ഭാവി സമ്പദ്ഘടനയെ കുറിച്ചുള്ള നിഗമനങ്ങളും സംയോജിപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് സിഇബിആർ തങ്ങളുടെ ആശങ്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ അനവധി രാജ്യങ്ങള്‍ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയാണെന്നും അതിനെ മറികടക്കുന്നതിന് പുതിയ കടമെടുപ്പ് അനിവാര്യമാകുമെന്നും ഇത് സമ്പദ്ഘടനകളുടെ പ്രതിസന്ധിക്ക് കാരണമാകുമെന്നും സിഇബിആർ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ പ്രവചനം ജനുവരി രണ്ടിന് പുറത്തുവന്നിരിക്കുന്നത്. ലോക സമ്പദ്ഘടന വന്‍ പ്രതിസന്ധിയെ നേരിടുകയാണെന്ന് ഐഎംഎഫ് കഴിഞ്ഞ ഒക്ടോബറില്‍തന്നെ വിലയിരുത്തിയിരുന്നു. ആഗോള ജിഡിപി നിരക്കില്‍ രണ്ടു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നായിരുന്നു അന്ന് ഐഎംഎഫ് പ്രവചിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അവരുടെ മുന്നറിയിപ്പ് ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നതാണ്. വന്‍രാജ്യങ്ങളടക്കമുള്ള ലോകത്തെ മൂന്നിലൊന്ന് സമ്പദ്ഘടനയും ഈ വര്‍ഷം സാമ്പത്തിക മാന്ദ്യത്തെ നേരിടുമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞത്.

 


ഇതുകൂടി വായിക്കു; ഭക്ഷ്യസുരക്ഷാവലയം വിപുലമാക്കണം


 

കോവിഡ് മഹാമാരി, ഉക്രെയ്ന്‍-റഷ്യ യുദ്ധം തുടരുന്ന സാഹചര്യം, ഇന്ധന പ്രതിസന്ധി, ഇവ കാരണം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും പിടികൂടിയിരിക്കുന്ന വിലക്കയറ്റം എന്നിവയാണ് മാന്ദ്യത്തിനുള്ള പ്രധാനകാരണമായി ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടുന്നത്. ലോക സമ്പദ്ഘടനയുടെ പ്രധാന ചാലകശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വമ്പന്‍മാര്‍ക്ക് പോലും മാന്ദ്യത്തെ നേരിടേണ്ടിവരും. വാള്‍സ്ട്രീറ്റ് നിഗമനങ്ങളും പുറത്തുവന്നിട്ടുണ്ട്. അവരുടെ പ്രധാന മുന്നറിയിപ്പ്, ഇതുവരെയില്ലാത്ത മാന്ദ്യത്തെ നേരിടേണ്ടിവരുമെന്നു തന്നെയാണ്. യുഎസിന്റെ മാത്രമല്ല ഇപ്പോള്‍ ലോകത്തിന്റെയാകെ സാമ്പത്തിക കേന്ദ്രമെന്നറിയപ്പെടുന്ന വാള്‍സ്ട്രീറ്റിലെ ഒന്നിലധികം സംഘടനകള്‍ ഈ മുന്നറിയിപ്പ് നല്കുന്നുണ്ട്. ലോക സമ്പദ്ഘടനയെ സംബന്ധിച്ച് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വര്‍ഷമായിരിക്കും 2023 എന്നാണ് ബാര്‍ക്ലേയ്സ് ക്യാപിറ്റലിന്റെ നിഗമനം. നെഡ് ഡേവിസ് ഗവേഷണ സംഘടന ആഗോള മാന്ദ്യത്തിന്റെ സാധ്യത 65 ശതമാനമാണെന്നാണ് പ്രവചിക്കുന്നത്. കഠിനതരമായ സാഹചര്യത്തിലേക്കുള്ള എത്തിച്ചേരല്‍ അനിവാര്യമാണെന്നായിരുന്നു ഫിഡിലിറ്റി ഇന്റര്‍ നാഷണല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് മാന്ദ്യത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മാന്ദ്യത്തിലല്ലാത്ത രാജ്യങ്ങളിൽ പോലും കോടിക്കണക്കിന് ആളുകൾക്ക് മാന്ദ്യമായി അനുഭവപ്പെടുമെന്നതാണ് അത്.

 


ഇതുകൂടി വായിക്കു; നോട്ട് നിരോധനം: ആർബിഐ സത്യവാങ്മൂലം അവ്യക്തം


 

ഇതിന് മുമ്പ് ലോകം ഗുരുതരമായ മാന്ദ്യം നേരിട്ടത് 2007ലായിരുന്നു. 2009 വരെ നീണ്ടു നിന്ന മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് ലോകത്തെ വന്‍ ശക്തികളെന്നും സുശക്തമായ അടിത്തറയുള്ളതെന്നും മേനി നടിച്ചിരുന്ന യുഎസ് ഉള്‍പ്പെടെയുള്ള സമ്പദ്ഘടനകള്‍ കാലിടറുന്നത് നാം കണ്ടതാണ്. അന്ന് പക്ഷേ നമ്മുടെ രാജ്യം ആഗോളമാന്ദ്യത്തില്‍ പിടിച്ചുനിന്നത് ഇവിടെ നിലനിന്നിരുന്ന ശക്തമായ പൊതുമേഖലാ സാന്നിധ്യം കൊണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് രംഗത്തുള്‍പ്പെടെയുള്ള സംരംഭങ്ങളും തകര്‍ച്ചയെ തടയുന്നതിനുള്ള ഉപകരണങ്ങളായി എന്ന് പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കിത്തുടങ്ങിയ ഘട്ടമായിരുന്നുവെങ്കിലും പൊതുമേഖലകള്‍ പൂര്‍ണമായും വിറ്റു തീര്‍ന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ വക്താക്കള്‍ക്ക് മുന്നില്‍ എതിര്‍പ്പിന് കനം വച്ചു. പൊതുമേഖലയുടെ അനിവാര്യത ഒന്നുകൂടി ബോധ്യപ്പെട്ടു. പക്ഷേ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. 2009നു ശേഷമുള്ള 13 വര്‍ഷത്തിനിടെ രാജ്യത്തിന്റെ പൊതുമേഖല കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. ആഗോള മാന്ദ്യത്തെ തടഞ്ഞുനിര്‍ത്തുന്നതിന് കാരണമായ പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സംരംഭങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംരംഭങ്ങളുടെ വില്പന ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കരുതുകയും അവശേഷിക്കുന്ന അപൂര്‍വം സംരംഭങ്ങള്‍ പോലും വിറ്റൊഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുകയും ചെയ്യുന്നു. ഈയൊരു പുതിയ സാഹചര്യത്തില്‍ മാന്ദ്യം നേരിട്ട് ബാധിച്ചില്ലെങ്കിലും പിടിച്ചുനില്ക്കുക നമ്മുടെ രാജ്യത്തെ സംബന്ധിച്ച് അസാധ്യമായിരിക്കും. മാന്ദ്യം ബാധിക്കാത്ത രാജ്യങ്ങളിൽ പോലും കോടിക്കണക്കിന് ആളുകൾക്ക് ഇത് മാന്ദ്യമായി അനുഭവപ്പെടുമെന്ന ഐഎംഎഫ് മേധാവിയുടെ അഭിപ്രായത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട് എന്നുതന്നെയാണ്.

Exit mobile version