കാർഷിക ഉൽപ്പാദന മേഖലയിൽ ആഗോള കമ്പനികളുടെ കടന്നുകയറ്റം ഉപഭോക്തൃസംസ്കാരം മലയാളികളിൽ ഉണ്ടാക്കുന്നുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രാദേശിക ഗവേഷണ കേന്ദ്രം പീലിക്കോടിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് 2022 ന്റെ സംസ്ഥാനതല ശില്പശാലയുടെയും വിവിധ ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിൽ അധ്വാനിക്കുന്ന ഓരോ കർഷകനും അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയണം. കർഷകന്റെ കണ്ണല്ല മനസ്സാണ് നിറയേണ്ടത്. ഒരു കർഷകനും ലോകത്ത് കൃഷി ചെയ്യുന്നില്ല എങ്കിൽ അത് ലോകാവസാനം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ കർഷകർക്കും നിർണായകമായ പങ്ക് ഉണ്ടായിരുന്നു. കർഷക അനീതിക്കെതിരെ ബ്രിട്ടീഷുകാരോട് പോരാടിയ ടി എസ് തിരുമുമ്പിന്റെ പുണ്യഭൂമിയിൽ ആണ് ഈ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കർഷകവിരുദ്ധ നിലപാടുകൾ ഉണ്ടായാൽ കർഷകൻ സമരം ചെയ്യണമെന്നും കർഷകന്റെ നടുവൊടിഞ്ഞാൽ ദുരന്തമായിരിക്കും നാടിന് ഉണ്ടാവുക എന്ന് മന്ത്രി ഓർമിപ്പിച്ചു.
കേര‑ക്ഷീരകർഷകരുടെയും തീരദേശ നെൽകർഷകരുടെയും സംസ്ഥാനതല ശില്പശാലകളുടെ ഉദ്ഘാടനവും കേന്ദ്ര സ്റ്റാഫ് ക്ലബ്ബ് കലാകായിക മത്സരങ്ങളിൽ വിജയിച്ച മിഥിലാ ടീമിന് എവർ റോളിംഗ് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിച്ചു. കർഷക പങ്കാളിത്ത ഗവേഷണ വികസന പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തുന്ന കർഷകരേയും സ്ഥാപനങ്ങളെയും മന്ത്രി ആദരിച്ചു.
English Summary:Globalization creates consumer culture: Minister of Agriculture
You may also like this video