Site iconSite icon Janayugom Online

ജിഎം കടുക്: കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ജനിതകമാറ്റം വരുത്തിയ (ജിഎം) കടുക് കൃഷിയുടെ ജൈവസുരക്ഷ പരിശോധിക്കാൻ കോടതി നിയോഗിച്ച സാങ്കേതികവിദഗ്ധരുടെ സമിതി (ടിഇസി) നൽകിയ റിപ്പോർട്ട് എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. കഴിഞ്ഞ ഒക്ടോബർ 25ന് മുമ്പ് ടിഇസി സമർപ്പിച്ച റിപ്പോർട്ട് ജനിതക എൻജിനീയറിങ് വിലയിരുത്തൽ കമ്മിറ്റി (ജിഇഎസി) പരിശോധിക്കാതിരുന്നതിനെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്.

ജിഇഎസി ഒരു നിയമപരമായ സംവിധാനമാണ്. അതിന് ടിഇസിയുടെ റിപ്പോർട്ടുകൾ പരിശോധിക്കേണ്ടതില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി പറഞ്ഞു. അതേസമയം, ശാസ്ത്രീയമായ എല്ലാ കണ്ടെത്തലുകളും അവർ പരിഗണിക്കുന്നുണ്ട്. ജിഎം കടുകിന് നിബന്ധനകളോടെ അനുമതി നൽകിയത് ശക്തമായ നിയന്ത്രണസംവിധാനമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 16ന് തുടർവാദം നടക്കും.

ജിഎം കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയുമായി മുന്നോട്ടുപോകില്ലെന്ന് കഴിഞ്ഞ നവംബറിൽ കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ, അന്ന് നൽകിയ വാക്കാലുള്ള ഉറപ്പ് പിൻവലിക്കാൻ കേന്ദ്രം പിന്നീട് സുപ്രീം കോടതിയിൽ അനുമതി തേടുകയും ചെയ്തു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജിഎം കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റി 2022ൽ അനുമതി നൽകിയിരുന്നു. കർഷക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിർപ്പുകളെത്തുടർന്ന് പരിഗണിക്കാതെ മാറ്റിവച്ചിരുന്ന നിർദേശത്തിനാണ് സമിതി അംഗീകാരം നൽകിയത്. ഇതിനെതിരെ ഫയൽ ചെയ്ത ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Eng­lish Sum­ma­ry; GM Mus­tard: Supreme Court vs Centre
You may also like this video

Exit mobile version