Site icon Janayugom Online

കേരളത്തിലേത് മികച്ച ഗുണമേന്‍മയുള്ള ടൂറിസമെന്ന് ഗോവ ഗവര്‍ണര്‍

കേരളത്തിലേത് മികച്ച ഗുണമേന്‍മയുള്ള ടൂറിസമാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പിനോടനുബന്ധിച്ച് ‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയില്‍ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ടൂറിസമാണുള്ളത്. കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും ഇതിനായി ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാലി, മൗറീഷ്യസ് തുടങ്ങിയ ഉന്നത നിലവാരമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ കേരളത്തിലും എത്താറുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രായോഗിക സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സിഇഒ സിജി നായര്‍, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ എം നജീബ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, കെടിഎം മുന്‍ പ്രസിഡന്റ് ബേബി മാത്യു, ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി, കേരള ടൂറിസം ഡവലപ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Goa Gov­er­nor about Ker­ala tourism
You may also like this video

Exit mobile version