ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് 13 പേർക്കെതിരെ ഗോവ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ്ബ് ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അഞ്ജുന പൊലീസ് മാപുസ കോടതിയിൽ 4,150 പേജുള്ള കുറ്റപത്രം നൽകിയത്. കേസിൽ ആകെ 305 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നൈറ്റ് ക്ലബ്ബ് ഉടമകളായ അജയ് ഗുപ്ത, ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരാണ് കുറ്റപത്രത്തിലെ പ്രധാന പ്രതികൾ. ഇവരെക്കൂടാതെ ക്ലബ്ബിലെ ഉന്നത ഉദ്യോഗസ്ഥരായ രാജീവ് മോദക്, വിവേക് സിംഗ്, ബിജയ് കുമാർ സിംഗ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച് ക്ലബ്ബിന് പ്രവർത്തനാനുമതി നൽകിയെന്ന കണ്ടെത്തലിനെത്തുടർന്ന് അർപോറ‑നാഗോവ പഞ്ചായത്ത് മുൻ സർപഞ്ച് റോഷൻ റെഡ്കർ, മുൻ സെക്രട്ടറി രഘുവീർ ബാഗ്കർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിൽ പ്രതിയായ ബ്രിട്ടീഷ് പൗരൻ സുരീന്ദർ കുമാർ ഖോസ്ല ഒളിവിലാണെന്നും ഇയാൾക്കായി ‘ബ്ലൂ കോർണർ നോട്ടീസ്’ പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, രേഖകൾ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടം നടന്ന ദിവസം ക്ലബ്ബിൽ ഷോ സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥരായ മയൂർ കോൾവാൽക്കർ, മുഹമ്മദ് അഫീഫ് എന്നിവരും കേസിൽ പ്രതികളാണ്.

