Site iconSite icon Janayugom Online

ഗോധ്ര: പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിക്ക് സുപ്രീം കോടതിയുടെ ജാമ്യം. 17 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഫറൂഖിനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. തീവയ്പ് നടന്ന സമയത്ത് ട്രെയിനിനു നേരെ കല്ലെറിഞ്ഞു എന്നുള്ളതാണ് ഫാറൂഖിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

ഗുജറാത്ത് കലാപക്കേസിലെ പല പ്രതികളും ജയില്‍ മോചിതരായെന്നും എന്തുകൊണ്ട് ഗോധ്ര കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിക്കൂടായെന്നും കഴിഞ്ഞ തവണ ജാമ്യഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. 2002 ഫെബ്രുവരി 27ന് നടന്ന തീവയ്പിനെ തുടര്‍ന്ന് 58 പേരാണ് ട്രെയിനിനുള്ളില്‍ വെന്ത് മരിച്ചത്. കേസില്‍ 31 പ്രതികളാണുള്ളത്. 

ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും ബാക്കിയുള്ള 20 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു. നൂറോളം പേര്‍ അറസ്റ്റിലായ കേസില്‍ 63 പേരെ കോടതി വെറുതെവിട്ടു. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി 2017 ഒക്ടോബറില്‍ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ശിക്ഷക്കെതിരായ പ്രതികളുടെ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 

Eng­lish Summary:Godhra: Supreme Court grant­ed bail to the accused

You may also like this video

Exit mobile version