Site iconSite icon Janayugom Online

പരമ്പരയടിക്കാന്‍ കലാശപ്പോരിനിറങ്ങുന്നു

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. രണ്ട് മത്സര പരമ്പരയടങ്ങിയ ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 141 റണ്‍സിനുമാണ് വിജയിച്ചത്. ഈ വിജയം തുടരാനായാല്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാകും.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ യുവതാരം യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങിയ ജയ്സ്വാള്‍ 171 റണ്‍സാണടിച്ചെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സെഞ്ചുറി പ്രകടനത്തോടെ തിളങ്ങി. 103 റണ്‍സാണ് രോഹിത് നേടിയത്. വിരാട് കോലി 76 റണ്‍സ് നേടിയിരുന്നു.

ബൗളിങ്ങില്‍ അശ്വിന്റെ പ്രകടനമാണ് വിന്‍ഡീസിനെ കെട്ടുകെട്ടിച്ചത്. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റും താരം നേടി. ഈ ഫോം ആവര്‍ത്തിക്കാനായാല്‍ വിന്‍ഡീസ് രണ്ടാം ടെസ്റ്റിലും പെട്ടെന്നു തന്നെ കൂടാരം കയറും. ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ പിച്ചും സ്പിന്നര്‍മാരെ തുണക്കുന്നതാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേഗവും സ്വിങ്ങും ലഭിക്കുമെങ്കിലും പിന്നീട് വേഗം കുറഞ്ഞ് പൂര്‍ണമായും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. 

ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇതുവരെ 13 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിലയായി. 2016ലാണ് ഇവിടെ അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലയിലയി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ ഇന്ത്യക്ക് ആദ്യ മത്സരത്തിലെ വിജയം ആവര്‍ത്തിക്കേണ്ടതുണ്ട്. നിലവിലെ ടീമിന്റെ ഫോം പരിഗണിക്കുമ്പോള്‍ വിജയസാധ്യത ഇന്ത്യക്കാണ്. 

Eng­lish Summary:Going to the finals to win the series

You may also like this video

Exit mobile version