ഗോത്രവിഭാഗക്കാരനായ ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആദിവാസി ഭാരത് മഹാസഭ (എബിഎം) ഭൂസമര സമിതി, സിപിഐ (എം എല്‍) റെഡ് സ്റ്റാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ സ്റ്റാന്‍ഡില്‍ നിന്നും പ്രകടനവുമായെത്തി കലക്ടേറ്റ് ഉപരോധിച്ചത്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ കേന്ദ്രകമ്മിറ്റി അംഗം എം കെ ദാസന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളോട് മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം കെ ഷിബു അധ്യക്ഷത വഹിച്ചു. വര്‍ഗീസ് വട്ടേക്കാട്, അഡ്വ. ടി ജെ ഡിക്‌സണ്‍, ടി സി സുബ്രഹ്മണ്യന്‍, എ എം അഖില്‍ കുമാര്‍, വി എ ബാലകൃഷ്ണന്‍, കെ വി പ്രകാശന്‍ പ്രസംഗിച്ചു.

