Site iconSite icon Janayugom Online

സ്വർണം പവന് 60,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഒരു പവന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,525 രൂപയാണ്. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണ വില 60,000 രൂപ കടക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന വില. 2024 ജനുവരി 22ന് സ്വർണ വില പവന് 46,240 രൂപയായിരുന്നു.

ഈ മാസം ഇതുവരെ 2,760 രൂപയുടെ വര്‍ധന പവന്‍ വിലയില്‍ ഉണ്ടായി. രാജ്യാന്തര വിപണിയിൽ സ്പോട് സ്വർണ വില ഔൺസിന് 2,751 ഡോളറിലാണ് ഇന്നലെ വ്യാപാരം നടന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളില്‍ സ്വര്‍ണത്തെയാണ് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത്.
അധികാരമേറ്റതിനു പിന്നാലെ ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഒരു വ്യാപാര യുദ്ധത്തിന് കാരണമായേക്കാം. ഈ സാഹചര്യം സ്വർണത്തിന് കരുത്തേകി. ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പത്തിനിടയാക്കുമെന്നും ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ അടിസ്ഥാന പലിശ നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുമെന്നും ആശങ്കകളുണ്ട്. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് രണ്ടു പൈസ ഇടിഞ്ഞതും സ്വർണവിലയെ സ്വാധീനിച്ചു. സ്വര്‍ണവില കഴിഞ്ഞ അഞ്ച് വര്‍ഷമായി 1,700–2,000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ 2,050 ഡോളറില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2,790 ഡോളര്‍ വരെ ഉയര്‍ന്നു. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി. അധികം താമസിയാതെ വില 3,000 ഡോളര്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍, 

Exit mobile version