Site iconSite icon Janayugom Online

55,000 കടന്ന് സ്വര്‍ണം; ഇന്ന് കൂടിയത് പവന് 400 രൂപ

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വില രേഖപ്പെടുത്തി സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 55,000 കടന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 54,720 രൂപ എന്ന റെക്കോഡാണ് മറികടന്നത്. 

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 55,120 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,890 രൂപയിലെത്തി. വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍ നിന്ന് ഒരു രൂപ വര്‍ധിച്ചു. ഇറക്കുമതി ചെയ്യുന്ന വെള്ളി വില കിലോ ഗ്രാമിന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് വില പവന് ആദ്യമായി 50,000 രൂപ കടന്നത്. പിന്നീട് വെറും രണ്ട് മാസമേ വേണ്ടിവന്നുള്ളൂ വില 55,000 രൂപ കടക്കാന്‍. മെയ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. 

റഷ്യ‑യുക്രെയ്ന്‍, ഗാസ വിഷയത്തില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും കനക്കുന്നതും ചൈനയിലും ഇന്ത്യയിലും ഡിമാന്‍ഡ് കൂടുന്നതും പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ പ്രിയമേറുന്നതുമാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. നിലവില്‍ 2,438.57 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Gold cross­es 55,000; Today’s max­i­mum is 400 rupees

You may also like this video

Exit mobile version