നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കുടുംബ സമ്മേതമെത്തി തൃശൂര്‍ ലൂര്‍ദ് കത്തിഡ്രല്‍ പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് സംബന്ധിച്ച് വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുകയാണ്. കിരീടം സ്വീകരിച്ച പള്ളി അധികൃതര്‍ പാരീഷ് കൗണ്‍സിലിലെ അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച് പരിശോധന നടത്താന്‍ ആദ്യം തുനിഞ്ഞെങ്കിലും പിന്നീട് മറ്റു പല ന്യായങ്ങളും നിരത്തി പിന്‍മാറുകയായിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം സുരേഷ്ഗോപി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും ‘സ്വര്‍ണ്ണ കിരീട’ മെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച കിരീടം സ്വര്‍ണ്ണമാണോ അതോ ‘റോള്‍ഡ് ഗോള്‍ഡോ’ എന്ന് വ്യക്തമാക്കാതെ മറ്റു ആരോപണങ്ങള്‍ ഉന്നയിച്ച് തടിതപ്പുകയും ‘താന്‍ നല്‍കിയ നേര്‍ച്ച മാതാവ് സ്വീകരിച്ചു’ വെന്ന ഭക്തി പാരവശ്യം പ്രകടിപ്പിക്കുകയുമായിരുന്നു. ഇതു തന്നെയാണ് കിരീടം സ്വീകരിച്ചവരും ചെയ്തത്. നേര്‍ച്ച വസ്തുവിന്റെ മൂല്യം വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്നും ഇതില്‍ തെരഞ്ഞെടുപ്പോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നുമാണ് അവരുടെയും പുതിയ നിലപാട്.
ഇവിടെ സുരേഷ്ഗോപിയ്ക്കൊപ്പമുള്ളവര്‍ വഴിപാടിനെയും സ്വര്‍ണ്ണ കിരീടത്തെയും പിന്തുണയ്ക്കാന്‍ പ്രധാനമായും ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ‘പണയത്തിന് തന്നതല്ലല്ലോ, വഴിപാടല്ലേ’ എന്നും ‘പള്ളിയിലെ സ്വര്‍ണ്ണ കുരിശുകളെല്ലാം സ്വര്‍ണ്ണം പൂശിയതല്ലേ’ എന്നും മറ്റുമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ സാധൂകരിക്കുന്ന ഇത്തരം നിലപാടുകള്‍ സാധാരണക്കാരില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. മാത്രമല്ല ഭക്തന്റെ വഴിപാട് അവന്റെ ‘പ്രാപ്തി’ ക്കനുസരിച്ചാണ് അത് മറ്റാര്‍ക്കും നിശ്ചയിക്കാനും അവകാശവുമില്ല. ഒറ്റനോട്ടത്തില്‍ ഇതെല്ലാം ഭക്തനും വിശ്വാസവും തമ്മിലുള്ള കാര്യങ്ങളാണെങ്കിലും സുരേഷ് ഗോപിയുടെ സ്വര്‍ണ്ണ കിരീടത്തിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല. അതിന് പല കാരണങ്ങളുമുണ്ട്. അത് സുരേഷ്ഗോപി ഹിന്ദുവായതിനാല്‍ അല്ല. ആ വഴിപാടില്‍ തെരഞ്ഞെടുപ്പും രാഷ്ടട്രീയവും മറയില്ലാതെ തെളിയുന്നുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടു തന്നെയാണ് ഹിന്ദുരാജ്യം സ്വപ്നം കാണുന്ന വര്‍ഗീയ ശക്തികളായ ബിജെപിയുടെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായ നടന്‍ ആ കിരീടം തൃശൂര്‍ ലുര്‍ദ് പള്ളിയിലേക്ക് തന്നെ വഴിപാടായി സമര്‍പ്പിച്ചത്.
മതേതര രാജ്യമായ ഇന്ത്യയില്‍ കേരളത്തിലെങ്കിലും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമുമെല്ലാം പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കുകയും ഇതര മതസ്ഥരുടെ പല ആഘോഷങ്ങളിലും ചടങ്ങുകളിലും സംബന്ധിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യാറുണ്ട്. ജനിച്ചുവളര്‍ന്ന നാട്ടിലെ പള്ളികളിലോ താന്‍ ജീവിക്കുന്ന സ്ഥലത്തെ പള്ളികളിലോ ആണ് സാധാരണ ഇത്തരം വഴിപാടുകള്‍ക്ക് സാധ്യത കൂടുതല്‍. ഇതിനു വിരുദ്ധമായി ക്രിസ്ത്യന്‍ വോട്ടുകള്‍ ലാക്കാക്കിയല്ലേ തൃശൂര്‍ തന്നെ സ്വര്‍ണ്ണ കിരീടം വഴിപാടായിനല്‍കിയത് എന്നത് പ്രസക്തമാണ്. മറ്റൊന്ന് സെലിബ്രറ്റിയാണെങ്കിലും മാതാവിനോടുള്ള ഭക്തി യഥാര്‍ത്ഥമാണെങ്കില്‍ ഇത്രയേറെ ടെലിവിഷന്‍ ചാനലുക്കാരും മാധ്യമ പടയുമില്ലാതെ വഴിപാട് ചെയ്യാന്‍ കഴിയുമായിരുന്നില്ലേ. അപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമല്ലെന്ന് എങ്ങനെ പറയാനാകും. ആരാധനാലയങ്ങള്‍ക്ക് വഴിപാടായി നിരവധി വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ലഭിക്കാറുണ്ട്. പക്ഷേ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സുരേഷ്ഗോപി നല്‍കിയ പോലുള്ള വഴിപാട് മറ്റാരെങ്കിലും നല്‍കിയതായി സമീപകാല ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ല. അത്രയേറെയായിരുന്നു പ്രചാരണം. പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പണത്തിന്റെയും കണക്കുകള്‍ കൃത്യമായ ഇടവേളകളില്‍ അവര്‍ മാധ്യമങ്ങളെ പോലും അറിയിക്കാറുണ്ട്. കണ്ണനു വഴിപാടായി ലഭിക്കുന്ന സ്വര്‍ണ്ണ ഓടക്കുഴലിന്റെ തൂക്കവും മഹീന്ദ്ര ഥാര്‍ ജീപ്പിന്റെ വിലയുമെല്ലാം പരസ്യമാക്കാറുമുണ്ട്. അതെല്ലാം യഥാര്‍ത്ഥ ഭക്തരുടെ സമര്‍പ്പണങ്ങളാണ്. അവയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമെയുള്ളൂ. അതില്‍ തെരഞ്ഞെടുപ്പോ വോട്ടുകളോ ലക്ഷ്യമല്ല.
‘രാമരാജ്യം’ ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി, വ്യക്തമായ രാഷ്ട്രീയ താല്പര്യത്തോടെ, വന്‍ പ്രചാരണത്തോടെ കിരീടം സമര്‍പ്പിക്കുമ്പോഴാണ് അത് നടനവൈഭവമാണെന്ന് പറയുന്നത്. അതുകൊണ്ടാണ് മതേതരത്വം കാത്തു സൂക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത്. പള്ളിയിലെ പൊന്‍കുരിശ് സ്വര്‍ണ്ണം പൂശിയതാണെന്ന വാദമുയര്‍ത്തുന്നവര്‍ ഒരുകാര്യം മനസിലാക്കണം അതിന്റെ മൂല്യം സ്വര്‍ണ്ണത്തിന്റെ തൂക്കത്തിലല്ല വിശ്വാസി പരിഗണിക്കുന്നത്. ഉത്തരേന്ത്യയില്‍ ഹിന്ദു-സംഘപരിവാര്‍ ശക്തികള്‍ ഭരണത്തിലുള്ളതോ അവരുടെ ശക്തികേന്ദ്രങ്ങളോ ആയ സംസ്ഥാനങ്ങളില്‍ എല്ലാം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ വലിയ ആശങ്കയിലാണ് ജീവിക്കുന്നത്. പലയിടത്തും ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ഇവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയോ ചെയ്യുന്നു. കൊലപാതകികള്‍ക്ക് അധികൃതര്‍ തന്നെ സുരക്ഷയും സഹായവും ഒരുക്കുന്നു. മണ്ണിപ്പൂര്‍ സമീപകാലത്തെ എറ്റവും വലിയ ഉദാഹരണമാണ്. ഇതിനെതിരെയുള്ള കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് കിരീട വഴിപാടിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുകയുള്ളൂ. അതു കൊണ്ടാണ് ആ വഴിപാടിനെ ഓഡിറ്റ് നടത്തേണ്ടിവരുന്നത്.
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്തുലക്ഷം രൂപയുടെ വൈരക്കല്‍ പതിച്ച കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നാണ് ഈ വിഷയത്തില്‍ സുരേഷ്ഗോപിയുടെ അവസാന പ്രതികരണം. ഈ വാക്കുകളിൽ നിന്നും അദ്ദേഹത്തിന്റെ തന്നെ മുന്‍കാല വാദങ്ങൾ പൊളിയുന്നത് കാണാം. മാതാവിന് നൽകിയ വഴിപാടിന്റെ കണക്ക് പറയേണ്ടതില്ലെന്നും തന്റെ ത്രാണിക്കനുസരിച്ചാണ് നല്‍കിയതെന്നുമായിരുന്നു ഒരു വാദം. വഴിപാട് യഥാർത്ഥമായിരുന്നെങ്കിൽ ആരെ ബോധിപ്പിക്കാനാണ് വീണ്ടുംകിരീടം നൽകുമെന്നും അതിന്റെ മൂല്യം 10 ലക്ഷമാകുമെന്ന് വിളിച്ച് പറയുന്നത്. ഭക്തന്റെ വഴിപാട് തികച്ചും ആത്മനിഷ്ഠമാകേണ്ടതല്ലേ. നൽകിയ കിരീടത്തിൽ സുരേഷ് ഗോപിയും അതൃപ്തനാണോ. രാഷ്ട്രീയ പ്രതിയോഗികൾ എന്തു വിവാദങ്ങൾക്ക് ശ്രമിച്ചാലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എന്തായാലും ആ 10 ലക്ഷം രൂപ സുരേഷ് ഗോപിക്ക് നഷ്ടപ്പെടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. !
You may also like this video